മാനന്തവാടി : എടവകയിൽ ആംബുലൻസ് കിട്ടാത്ത സംഭവം ട്രൈബൽ പ്രമോട്ടറുടെ തലയിൽ കെട്ടിവെച്ച് ഒഴിയാനുള്ള ശ്രമം അനുവദിക്കില്ലന്ന് പട്ടിക വർഗ്ഗ മോർച്ച. താഴെത്തട്ടിലുള്ള വിവരങ്ങൾ അറിയിക്കുക മാത്രമാണ് ട്രൈബൽ പ്രമോട്ടർമാരുടെ ചുമതല എന്നിരിക്കെ ആംബുലൻസ് വിട്ടുകൊടുക്കാത്ത സംഭവം പൂർണ്ണ ഉത്തരവാദിത്വം വയനാട്ടിലെ ആരോഗ്യവകുപ്പിനും ട്രൈബൽ വകുപ്പിനുമാണ്. ഇതു മറച്ചുവെക്കാൻ മാത്രമാണ് ട്രൈബൽ വകുപ്പ് ശ്രമിക്കുന്നത് മാസശമ്പളം വണ്ടിക്കൂലിക്ക് പോലും തികയാത്ത സാഹചര്യമാണ് ട്രൈബൽ പ്രമോട്ടർമാർക്കുള്ളത്. ഇതറിഞ്ഞുകൊണ്ട് ആരോഗ്യവകുപ്പും ട്രൈബൽ വകുപ്പും പ്രമോട്ടറുടെ തലയിൽ കെട്ടിവച്ച് കയ്യൊഴിഞ്ഞ സാഹചര്യമാണ് ഉണ്ടായത്. ഇത് അറിയാമായിരുന്നിട്ടും ഇടവക പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസും ഈ നെറികെട്ട കളിക്ക് കൂട്ടുനിന്നു.എന്നിട്ട് പാവം ട്രൈബൽ പ്രൊമോട്ടറുടെ പണിയില്ലാതാക്കി എസി മുറിയിൽ സുഖിച്ചിരിക്കാൻ അധികാരികളെ അനുവദിക്കില്ലെ ഇതിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമെന്നും വയനാട്ടിൽ തുടരെത്തുടരെയുള്ള ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഇന്നുതന്നെ അറിയിക്കുമെന്നും ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയാറ പറഞ്ഞു.പിരിച്ചുവിട്ട ട്രൈബൽ പ്രമോട്ടർ എത്രയും പെട്ടെന്ന് ജോലിയിൽ തിരിച്ചെടുത്ത് ഉത്തരവാദിത്തപ്പെട്ട ട്രൈബൽ വകുപ്പിലെ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി പട്ടികവർഗ്ഗമോർച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.