സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു;ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു;ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

കൽപ്പറ്റ : സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്‌ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു.ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെച്ചത്.140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റിൻ്റെ കാര്യത്തിൽ നിയമ സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കാം എന്നും വിദ്യാർഥി യാത്രയുടെ കാര്യത്തിൽ ചർച്ചയിലൂടെ സമവായത്തിൽ എത്താം എന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനവിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്താൻ ആകാത്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.ചർച്ചക്ക് പിന്നാലെ ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കിൽ നിന്നു പിൻമാറിയിരുന്നു.

എന്നാൽ മറ്റ് സംഘടനകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും അതേപടി പുതുക്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *