ചുണ്ടേൽ : പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം സന്ദർശനത്തിനായി മൂന്നരയോടെ എത്തിയ ഇരുവരും ഒരു മണിക്കൂറിലധികം സമയം ഗവേഷണ കേന്ദ്രത്തിൽ ചിലവഴിച്ചു.കേരളത്തിൽ കാപ്പി ഉൽപ്പാദനത്തിൽ ഒന്നാം സംസ്ഥാനത്തുള്ള ജില്ലയാണ് വയനാട്.കേന്ദ്ര സർക്കാരിൻറെ ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന പട്ടികയിൽ കേരളത്തിൽനിന്ന് ഉൾപ്പെട്ട ഏക നാണ്യവിളയും കാപ്പിയാണ്.65000 ത്തിലധികം കാപ്പിക്കർഷകർ വയനാട്ടിലുണ്ട്.കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാപ്പി കർഷകർ അഭിമുഖീകരിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് എം.പിമാരായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാപ്പി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കാപ്പിയിൽ നടക്കുന്ന ഗവേഷണ പുരോഗതി അറിയുന്നതിനും ആയി കൽപ്പറ്റക്കടുത്തുള്ള പെരുന്തട്ടയിലെ പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രത്തിൽ എത്തിയത്.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇവിടെയെത്തിയ എം.പിമാർ,വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ചെറുകിട കാപ്പി കർഷകർ,കാപ്പി അനുബന്ധ മേഖലയിലെ സംരംഭകർ,ഉദ്യോഗസ്ഥർ,ഗവേഷകർ തുടങ്ങിയവരെല്ലാവരുമായി ചർച്ച നടത്തി. ഓരോരുത്തരും ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾ പ്രിയങ്ക ഗാന്ധി നേരിട്ടാണ് കുറിച്ചെടുത്തത്. ഓരോരുത്തർക്കും പ്രത്യേക മറുപടിയും നൽകി.ചില കാര്യങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച ചെയ്തു വ്യക്തതയും വരുത്തി.കോഫി ഗ്രോവേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രശാന്ത് രാജേഷ്,അലി ബ്രാൻ എന്നിവരും,സംരംഭകരെ പ്രതിനിധീകരിച്ചു ഫാദർ വർഗീസ് മറ്റമനയും, ചെറുകിട കാപ്പി കർഷകരെ പ്രതിനിധീകരിച്ച് മോഹനൻ മുണ്ടുപാറയും ചർച്ചയിൽ പങ്കെടുത്തു. മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ.ജോർജ് പോത്തൻ,കാപ്പി കർഷക ശാസ്ത്രജ്ഞനും തോട്ടം ഉടമയുമായ അശോക് കുമാർ മുട്ടിൽ തുടങ്ങിയവരടക്കമുള്ള കർഷക പ്രതിനിധികളും കോഫി ബോർഡിനെ പ്രതിനിധീകരിച്ച് ജോയിൻറ് ഡയറക്ടർ ഡോ.എം കറുത്ത മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും എം.പി.മാരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.കേന്ദ്ര സർക്കാരിലും പാർലമെന്റിലും വയനാട്ടിലെ കാപ്പി കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് പിന്നീട് പ്രിയങ്ക ഗാന്ധി എം.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വയനാട് ജില്ലയുടെ പ്രധാന കാർഷിക വിള എന്ന നിലയിൽ കാപ്പി കൃഷി മേഖലയിലുള്ള എം.പിമാരുടെ ഇടപെടലും ചർച്ചയും ഏറെ പ്രതീക്ഷയോടെയാണ് വയനാടൻ ജനത നോക്കിക്കാണുന്നത്.എം.പി.മാരുമായുളള ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ടന്ന് കാപ്പി മേഖലയുമായി ബന്ധപ്പെട്ട് ചർച്ചയിൽ പങ്കെടുത്ത കർഷക പ്രതിനിധികളും സംരംഭക പ്രതിനിധികളും പ്രതികരിച്ചു.വിവിധ മേഖലകളിൽ നിന്നുള്ള 13 പേരാണ് ഉദ്യോഗസ്ഥർക്കൊപ്പം എം.പി.മാരുടെ ചർച്ചയിൽ പങ്കെടുത്തത്.വയനാട്ടിലെ കാപ്പികൃഷിവ്യാപനത്തിനും ആഗോള ബ്രാൻഡിംഗിനും എം.പി.മാരായ സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനം ഗുണം ചെയ്യുമെന്ന് പ്രതീക്ഷി പ്രതീക്ഷിക്കുന്നതായി കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ.എം കറുത്തമണി പറഞ്ഞു.എം.പി.മാരുമായി കർഷകരും ഉദ്യോഗസ്ഥരും ഗവേഷകരും നടത്തിയ ആശയ വിനിമയത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.