മേപ്പാടി : സി ഫോം രജിസ്‌ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരന്മാരെ താമസിപ്പിച്ചതിന് റിസോര്‍ട്ട് മാനേജർ ക്കെതിരെയും റിസോർട്ട് ഉടമയ്ക്കെതിരെയും കേസെടുത്തു. റിസോർട്ട് ഉടമയായ കോഴിക്കോട്, നടക്കാവ്, കുമ്പളോലിൽ വീട്ടിൽ വർക്കി ജോസഫിനെതിരെയും, റിസോർട്ട് മാനേജർ കോഴിക്കോട് തച്ചൻപൊയിൽ പുത്തൽതെരുവിൽ വീട്ടിൽ ജംഷീദ് എന്നിവർക്കെതിരെയാണ് ഫോറീനേഴസ് ആക്ട് പ്രകാരം കേസെടുത്തത്. മേപ്പാടി കുന്നംബറ്റയിലുള്ള സ്ട്രീം ഗാർഡൻ മൗണ്ടൻ എന്ന റിസോര്‍ട്ടിലാണ് യഥാസമയം സി ഫോം രെജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചെയ്യാതെ വിദേശികളെ താമസിപ്പിച്ചത്. വിദേശികളെ താമസിപ്പിക്കുന്നതിന് ഓൺലൈൻ വഴി സി ഫോമില്‍ രെജിസ്റ്റർ ചെയ്ത് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം മേപ്പാടി സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ടിലെത്തി രേഖകള്‍ പരിശോധിച്ചു.
ഇറ്റലിയിൽ നിന്നുള്ള പൗരന്മാരെയാണ് താമസിപ്പിച്ചിരുന്നത്. ഈ വിവരം യഥാസമയം സി ഫോമിലൂടെ ഇവര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല. സി ഫോം രജിസ്‌ട്രേഷന്‍ സമയബന്ധിതമായി നടത്തണം. ഇതില്‍ വീഴ്ച വരുത്തിയാലും കാലതാമസം വരുത്തിയാലും ഫോറിനേഴ്‌സ് ആക്ട് പ്രകാരം നടപടികളുണ്ടാകും.