കല്‍പ്പറ്റ : ശബരിമലയിലെ സ്വര്‍ണകൊള്ള ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷിക്കണമെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയത്തില്‍ അഡീഷണല്‍ ഡി ജി പിയുടെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണസംഘം ഹൈക്കോടതിക്ക് കൊടുക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ താത്പര്യത്തിന് ചേര്‍ന്നതല്ലെങ്കില്‍ മുഖ്യമന്ത്രി അവരെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്.യോഗേഷ് ഗുപ്ത ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഈ റിസ്‌ക് അന്വേഷണസംഘം എടുക്കുമോയെന്ന സംശയവും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രിയുടെ മകന് ഇ ഡി അയച്ച നോട്ടീസുമായി ബന്ധപ്പെട്ട് ഇഷ്യു ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.2023 ഫെബ്രുവരിയിലാണ് ഇ ഡി നോട്ടീസ് അയക്കുന്നത്.അതേവര്‍ഷം മെയ് മാസത്തിലാണ് ആര്‍ എസ് എസിലെ ദത്രാത്രയ ഹൊസബലെയുടെ തൃശൂര്‍ സന്ദര്‍ശനം.ആ സന്ദര്‍ശനത്തിലാണ് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഇതിനെല്ലാം ശേഷമാണ് തൃശ്ശൂരില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെ നടക്കുന്നത്.ഇ ഡിയുടെ നോട്ടീസ് മുതല്‍ സുരേഷ്‌ഗോപിയുടെ വിജയം വരെ ചേര്‍ത്തുവായിക്കുമ്പോള്‍,മുഖ്യമന്ത്രിയുടെ മകന് നല്‍കിയ ഇ ഡിയുടെ നോട്ടീസ് ബി ജെ പിയുടെ കേരളത്തിലെ അക്കൗണ്ട് തുറക്കാനുള്ള നോട്ടീസായാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരിക്കല്‍ നോട്ടീസ് അയച്ചുകഴിഞ്ഞാല്‍ അതില്‍ അന്വേഷണം നടത്താതിരിക്കാനാവില്ല. എന്നാല്‍ ഇവിടെ അതുണ്ടായില്ല.ഇ ഡി എല്ലായിടത്തും ബി ജെ പിയുടെ ഏജന്റുമാരായി കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞ് പിടിച്ച് ഉപദ്രവിക്കുമ്പോഴാണ് ഒരു ബി ജെ പി ഇതര മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മകന് കൊടുത്ത നോട്ടീസ് പോലും ആവിവായി പോയത് എന്നുള്ളത് വളരെ ഗൗരവകരമാണ്.കേരളത്തില്‍ ഇ ഡിയെ ബി ജെ പി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്നും മുരളീധരന്‍ പറഞ്ഞു.പേരാമ്പ്രയില്‍ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണ്.ഷാഫി പറമ്പില്‍ എം പിയെ മര്‍ദ്ദിച്ച സംഭവത്തില്‍ റൂറല്‍ എസ് പി പറഞ്ഞത് ലാത്തിചാര്‍ജ്ജിന് നേതൃത്വം നല്‍കിയിട്ടില്ലെന്നാണ്.ഏതോ പോലീസുകാര്‍ ഉത്തരവില്ലാതെ എം പിയെ തല്ലുകയായിരുന്നുവെന്നാണ് പറഞ്ഞത്.
എന്നാല്‍ ആ പ്രസ്ഥാവന കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ പേരാമ്പ്രയിലെ സി പി എം പ്രാദേശിക നേതാവായ സജീഷ് പറഞ്ഞത് സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതിന് ശേഷമാണ് ലാത്തിച്ചാര്‍ജ്ജ് ഉണ്ടായതെന്നാണ്.ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പോലും അറിയാത്ത കാര്യമാണ് ഒരു ലോക്കല്‍ സി പി എം നേതാവ് പറയുന്നത്.ഇതിന് പിന്നാലെ പൊലീസ് പ്രവര്‍ത്തകരെ വീട് വളഞ്ഞടക്കം അറസ്റ്റ് ചെയ്യുന്നത്.ഇതൊന്നും ജനാധിപത്യരാജ്യത്തിന് ചേര്‍ന്ന നടപടികളല്ല.വിശ്വാസസംരക്ഷണ ജാഥ കോഴിക്കോടെത്തുന്ന ദിവസം ഇത്തരത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ജാഥ പൊളിക്കാനാണ്.വിശ്വാസസംരക്ഷണ യാത്ര കടന്നുപോയതിനുശേഷം പേരാമ്പ്ര വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ കോഴിക്കോട്ടെ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.അധികാരം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ സര്‍ക്കാര്‍ കാണിക്കുന്ന പേക്കൂത്തുകള്‍ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയം രാഷ്ടീയവുമായി കൂട്ടിക്കുഴയ്ക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസും യു ഡി എഫും എക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. ഭക്തജനങ്ങളുടെ മനസില്‍ ഉണ്ടായ മുറിവ് ഉണക്കാനാണ് ശ്രമിക്കുന്നത്.ആചാരലംഘനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.ആറന്മുള അഷ്ടമിരോഹിണി ദിവസം ദേവന് നിവേദിക്കുന്നതിന് മുമ്പ് ദേവസ്വംമന്ത്രി വാസവന് സദ്യ വിളമ്പിക്കൊടുത്തിരിക്കുകയാണ്. ഇത്തരത്തില്‍ ആചാരലംഘനങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് ടി ജെ ഐസക്,കെ പി സി സി ജനറല്‍സെക്രട്ടറി പി എം നിയാസ്,എം എല്‍ എമാരായ അഡ്വ.ടി സിദ്ദിഖ്,ഐ സി ബാലകൃഷ്ണന്‍,യു ഡി എഫ് ജില്ലാ കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ്,എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍,കെ പി സി സി എക്സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.