കല്‍പ്പറ്റ : വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍പ്പെട്ട റവന്യു പട്ടയഭൂമികളില്‍നിന്നു അനധികൃതമായി ഈട്ടികള്‍ മുറിച്ചതിനു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം വൈകുന്നു. കേരള വന നിയമത്തിലെയും ജൈവ വൈവിധ്യ നിയമത്തിലെയും കേരള ഫോറസ്റ്റ് പ്രൊഡ്യുസ് ട്രാന്‍സിസ്റ്റ് റൂളിലെയും വിവിധ സെക്ഷനുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത്. അനധികൃത മരംമുറിക്ക് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒആര്‍ ഒന്നു മുതല്‍ 43 വരെ കേസുകളിലെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമപ്രകാരം മീനങ്ങാടി പോലീസ് 281/2021 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് കേസുകളില്‍ 2023 ഡിസംബര്‍ നാലിനു സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിച്ചിച്ചതിനടക്കം കേസുകള്‍ ഒറ്റക്കേസായാണ് പ്രത്യേക പോലീസ് സംഘം അന്വേഷിച്ചത്.വനം വകുപ്പ് 2021 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ വ്യക്തത വരുത്താത്തതും കുറ്റപത്രം സമര്‍പ്പിക്കാത്തും ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു മുന്‍ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ജോസഫ് മാത്യു പറഞ്ഞു.2021ല്‍ സൗത്ത് വയനാട് ഡിഎഫ്ഒ അനുവദിച്ച ഫോം 7 പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ വാഴവറ്റയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്നു എറണാകുളം കരിമുകള്‍ മലബാര്‍ ടിമ്പര്‍ ഇന്‍സ്ട്രീസിലേക്ക് ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 54 കഷണം ഈട്ടി കയറ്റിയിരുന്നു. ഈ തടികള്‍ വനത്തില്‍നിന്നു അനധികൃതമായി മുറിച്ച് ശേഖരിച്ച് കടത്തിയതാണെന്ന് ആരോപിച്ച് വനം വകുപ്പ് ബന്തവസിലെടുത്തു. ഈ തടികള്‍ എവിടെനിന്നു ശേഖരിച്ചതാണെന്നതില്‍ വനം പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയിട്ടില്ല.
ഈ അവസ്ഥയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതും കുറ്റപത്രം കൊടുക്കുന്നതും നിയമപരമായി നിലനില്‍ക്കില്ല.സൗത്ത് വയനാട് ഡിഎഫ്ഒ കസ്റ്റഡിയില്‍ എടുത്ത തടികള്‍ പൂര്‍ണമായും കണ്ടുകെട്ടല്‍ നടപടിക്ക് വിധേയമാക്കാനായില്ല. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരേ മരംമുറിക്കേസ് പ്രതികളില്‍ ചിലര്‍ ജില്ലാ കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചിരുന്നു. ഡിപ്പോയില്‍ സൂക്ഷിച്ച തടികള്‍ കേസിലെ പ്രതികള്‍ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് മരംമുറിക്കേസ് തീര്‍പ്പാകുന്നതുവരെയാണ് കണ്ടുകെട്ടല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്. തടികള്‍ കണ്ടുകെട്ടുന്നതിന് എതിരായ ഹര്‍ജികളെ വനം വകുപ്പ് എതിര്‍ത്തിരുന്നു. എങ്കിലും കസ്റ്റഡിയിലുള്ള തടികള്‍ ഹര്‍ജിക്കാര്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നാണ് ഡിഎഫ്ഒ കോടതിയെ അറിയിച്ചത്.വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള തടികള്‍ കസ്റ്റഡിയില്‍ കിട്ടുന്നതിന് മരംമുറിക്കേസ് പ്രതികള്‍ ജില്ലാ കോടതിയില്‍ 2022 മെയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇതുവരെയും തീര്‍പ്പായിട്ടില്ല. കഴിഞ്ഞ ദിവസം പരിഗണിച്ച ഹര്‍ജികള്‍ കോടതി മാര്‍ച്ച് 15ലേക്ക് മാറ്റിയിരിക്കയാണ്.മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. മഴയും വെയിലുംകൊണ്ട് തടികളുടെ ഗുണനിലവാരം കുറയുകയാണ്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി ഡിപ്പോയിലുള്ളത്. സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്നില്‍നിന്നു മുറിച്ച 18.75 മീറ്റര്‍ തേക്കും ഇതേ ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് വനം വകുപ്പ് പ്രാവര്‍ത്തികമാക്കിയില്ല.വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള തടികള്‍ ലേലം ചെയ്യുന്നത് പൊതുമുതല്‍ സംരക്ഷണത്തിന് ഉതകും.തടികള്‍ ലേലം ചെയ്യുന്നതിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചതുമാണ്. എന്നാല്‍ കേസ് അന്തമായി നീളുകയാണ്. തടികളുടെ സംരക്ഷണത്തില്‍ ഉത്തരവാദപ്പെട്ടവര്‍ താത്പര്യമെടുക്കാത്ത സാഹചര്യമാണുള്ളത്.
ഫലത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതുമൂലമുള്ള നഷ്ടത്തിന്റെ തോത് ഉയരുകയാണെന്നും കേസ് നടത്തിപ്പില്‍ വനം ഉദ്യോഗസ്ഥരുടെയും ഗവ.പ്ലീഡറുടെയും താത്പര്യ രാഹിത്യം പ്രകടമാണെന്നും അഡ്വ.ജോസഫ് മാത്യു പറഞ്ഞു.റവന്യു പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്.