മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ

മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ

ജറുസലം : വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേൽ.റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്.മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ അധികൃതർ വ്യക്‌തമാക്കി.എന്നാൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ.ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.അതിർത്തി തുറക്കാത്തതിനാൽ പരുക്കേറ്റ പലസ്തീൻകാരെ ചികിത്സയ്‌ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകാനും സാധിക്കുന്നില്ല.

അതേസമയം,ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവാങ്ങിയതോടെ ഗാസയിലെ തെരുവുകളുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു.വിമതരെ തിരഞ്ഞുപിടിച്ച് ഹമാസ് കൊലപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.പിന്നിൽ കൈകൾ കെട്ടിയ നിലയിൽ ഏഴു പേരെ ഒരു സംഘം ഗാസ നഗരത്തിലെ ചതുരത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി നിരവധി ആളുകൾ നോക്കിനിൽക്കെ വെടിയുതിർക്കുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. വിഡിയോ സ്‌ഥിരീകരിച്ച ഹമാസ്,തിങ്കളാഴ്‌ചയാണ് അത് ചിത്രീകരിച്ചതെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *