കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയ്യാറാവുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തില്‍ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവര്‍ക്ക് മറ്റെവിടെയും വീടില്ലെങ്കില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഒന്നാംഘട്ട പുനരധിവാസത്തില്‍ ഉള്‍പ്പെടുന്നവരുടെ കരട് പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കളക്ടര്‍ക്കാണ്. പട്ടിക തയ്യാറാക്കുന്നതിന് പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് ജിയോറഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോറഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്‌ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്ലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുക.സബ് കലക്ടര്‍ തയ്യാറാക്കുന്ന ഈ പട്ടിക, മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള പട്ടികുമായി ഒത്തുനോക്കും. അതില്‍ ഒഴിവാക്കപ്പട്ടതും അധികമായി ഉള്‍പ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കി ആവശ്യമായ പരിശോധനകള്‍ക്കു ശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അന്തിമ കരട് പട്ടിക തയ്യാറാക്കുകയുമാണ് ചെയ്യുക.കരട് ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും ലഭ്യമാക്കും. പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാല്‍ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 പ്രവൃത്തി ദിവസങ്ങള്‍ക്കകം ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ സ്വീകരിക്കും.
ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും subcollectormndy@gmail.com എന്ന ഇമെയിലിലും സ്വീകരിക്കും. ഓഫീസുകളിലും ഓണ്‍ലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും.കരട് പട്ടികയിലെ ആക്ഷേപങ്ങളിന്‍മേല്‍ സബ് കളക്ടര്‍ സ്ഥലപരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരില്‍കണ്ട് ആക്ഷേപത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും. ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി മുതല്‍ 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സര്‍ക്കാരിലെ ദുരന്തനിവാരണ വകുപ്പില്‍ നല്‍കണം.