പുൽപ്പള്ളി : അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ 220 രൂപ ടിക്കറ്റെടുത്ത് എത്തുന്നവർ പോലും കടവിലേക്ക് എത്താൻ പാടവരമ്പുകളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്.മഴക്കാലത്തെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട ദ്വീപ് കഴിഞ്ഞയാഴ്ചയാണ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.എന്നാൽ,കടവിലേക്ക് പോകുന്ന വഴി മുഴുവൻ ചെളി നിറഞ്ഞ് കുളമായതോടെ സഞ്ചാരികൾ വലയുകയാണ്.റോഡ് ഒഴിവാക്കി പാടവരമ്പത്തുകൂടി സാഹസികമായി സഞ്ചരിച്ചാണ് പലരും കടവിലെത്തുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ദുരിതം വർദ്ധിപ്പിച്ചു.
സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത ‘നഗരവനം’ പദ്ധതി മുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.നടപ്പാതകൾ,വഴി നവീകരണം, ഡോർമിറ്ററി,ഏറുമാടങ്ങൾ,ശലഭ പാർക്ക്, കുട്ടികളുടെ കളിസ്ഥലം എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് പരിസ്ഥിതി സംഘടനകൾ സ്റ്റേ വാങ്ങിയതോടെ നിർമ്മാണം നിലയ്ക്കുകയായിരുന്നു. പരിസ്ഥിതി സൗഹൃദപരമായ പദ്ധതികൾ പോലും തടസ്സപ്പെടുത്തുന്നതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.ദീർഘദൂര യാത്ര ചെയ്തെത്തുന്നവർക്ക് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ മതിയായ സൗകര്യങ്ങൾ ദ്വീപിലോ പുറത്തോ ഇല്ലെന്നതും പ്രധാന പോരായ്മയാണ്.
അമിതമായ ടിക്കറ്റ് നിരക്കും നിയന്ത്രിത പ്രവേശനവും കാരണം ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്കൂൾ വിനോദയാത്രാ സംഘങ്ങൾ കുറുവയെ പട്ടികയിൽ നിന്ന് ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ പാൽവെളിച്ചം,പാക്കം എന്നീ രണ്ട് കവാടങ്ങളിലൂടെ പ്രതിദിനം 489 പേർക്കാണ് പ്രവേശനം.മുതിർന്നവർക്ക് 220 രൂപയും, വിദ്യാർത്ഥികൾക്ക് 100 രൂപയും,വിദേശികൾക്ക് 440 രൂപയുമാണ് നിരക്ക്.