മാനന്തവാടി : പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മാതനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയലക്ഷ്മി..പ്രതികൾക്കെതിരെ എസ്.സി.എസ് ടി.അതിക്രമം തടയൽ നിയമപ്രകാരം കൂടി കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ പല ഭാഗത്തും പട്ടിക വർഗ്ഗ സമൂഹത്തിനെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാതലത്തിൽ സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.