പുൽപ്പള്ളി : മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വനം വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി.മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും സംശയ നിവാരണത്തിനുമാണ് ഇത് പ്രവർത്തിക്കുന്നത്.ഈ മാസം 16 മുതൽ 30 വരെയാണ് ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്.വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സർക്കാർ 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്,ജില്ല,സംസ്ഥാനം എന്നിങ്ങനെ മൂന്ന് ഘട്ടമായിട്ടാണ് പരിപാടി നടക്കുന്നത്.രണ്ടാം ഘട്ടം ഒക്ടോബർ ഒന്നുമുതൽ 15 വരെയും മൂന്നാം ഘട്ടം 16 മുതൽ 30 വരെയും നടക്കും.ഒന്നാം ഘട്ടത്തിൽ പരിഹരിക്കാൻ കഴിയാത്തത് രണ്ടാം ഘട്ടത്തിലും അതിൽ പരിഹാരമുണ്ടാകാത്തത് മൂന്നാം ഘട്ടത്തിലും പരിഹരിക്കും.വനം വകുപ്പിനെ കൂടുതൽ ജനസൗഹൃദപരമാക്കിയും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.
