ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്;കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്;കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ : ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക,നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക,നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. നിക്ഷേപിച്ച പണം തിരികെ ലഭ്യമാക്കിയില്ലെങ്കില്‍ സിപിഎം ജില്ലാ ഓഫീസില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് മുണ്ടേരി സ്വദേശിയായ പാര്‍ട്ടി അംഗം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കും ഓഗസ്റ്റ് 22ന് കത്തയച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രകടനം.ബ്രഹ്മഗിരി സൊസൈറ്റിയുടെ വയനാട് കോഫി പദ്ധതിയിലും പോത്തുകുട്ടി വിതരണ പദ്ധതിയിലും തട്ടിപ്പു നടന്നത് നേരിട്ടറിയാമെന്നു ബ്രഹ്മഗിരി ജീവനക്കാരനായിരുന്ന നിക്ഷേപകന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കാള്‍ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചാണ് ബ്രഹ്മഗിരിയില്‍ പണം നിക്ഷേപിക്കാന്‍ സമ്മര്‍ദം ചെലുത്തിയതെന്നു കത്തില്‍ പറയുന്നുണ്ട്.ഡിസിസി ഓഫീസ് പരിസരത്ത് ആരംഭിച്ച പ്രകടനം ചുങ്കം ജംഗ്ഷനില്‍ സമാപിച്ചു. ഡി സി സി പ്രസിഡന്റ് ടി.ജെ.ഐസക്, എം എല്‍ എ മാരായ ടി.സിദ്ദിഖ്,ഐ.സി.ബാലകൃഷ്ണന്‍,കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ്, കെപിസിസി മെംബര്‍മാരായ പി.പി.ആലി,കെ.ഇ. വിനയന്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ ഒ.വി.അപ്പച്ചന്‍,എം.എ.ജോസഫ്,ജനറല്‍ സെക്രട്ടറിമാരായ എം.ജി.ബിജു,എന്‍.യു. ഉലഹന്നാന്‍, ഡി.പി.രാജശേഖരന്‍,എന്‍.സി. കൃഷ്ണകുമാര്‍, ബിനു തോമസ്,എന്‍.കെ. വര്‍ഗീസ്,ശോഭനകുമാരി,ബീന ജോസ്,ചിന്നമ്മ ജോസ്,പി.പി.അബ്ദുറഹ്മാന്‍,പി.വി.ജോര്‍ജ്, നേതാക്കളായ കെ.വി.പോക്കര്‍ ഹാജി,സംഷാദ് മരക്കാര്‍,ചന്ദ്രിക കൃഷ്ണന്‍,ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍കാവില്‍,ജില്‍സന്‍ തൂപ്പുംകര, എം.എ.നിഷാന്ത്,ഗിരീഷ് കല്‍പ്പറ്റ,ടി.കെ.മമ്മൂട്ടി, ഗോകുല്‍ദാസ് കോട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സിപിഎമ്മിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ച സമരപരമ്പരയുടെ തുടക്കം എന്ന നിലയിലാണ് പ്രകടനം നടത്തിയതെന്നു കെപിസിസി നിര്‍വാഹക സമിതിയംഗം കെ.എല്‍.പൗലോസ് പറഞ്ഞു.ബ്രഹ്മഗിരി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ പിന്നീട് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *