മാനന്തവാടി : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി ഡിസംബർ 14 ശനിയാഴ്ച ഗുരു സംഗമം സംഘടിപ്പിക്കുന്നു. 75 വർഷമായി ഈ സ്കൂളിലൂടെ കടന്നു പോയ അധ്യാപകരുടെയും അനധ്യാപകരുടെയും കൂടിച്ചേരലാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. അധ്യാപകരെ ആദരിക്കൽ, ഓർമ്മകൾ പങ്കുവെയ്ക്കൽ, സ്നേഹ വിരുന്ന് , കലാപരിപാടികൾ, ഫോട്ടൊ സെഷൻ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽ പരം അധ്യാപകരാണ് ഓർമകളുടെ മധുരവും നുണഞ്ഞ് മാനന്തവാടിയിലേക്ക് ഈ ശനിയാഴ്ച എത്തിച്ചേരുക.1950-ൽ പ്രവർത്തനമാരംഭിച്ച മാനന്തവാടി ഹൈസ്കൂൾ വയനാട്ടിലെ പൊതുവിദ്യാലയ വിഭാഗത്തിലെ ആദ്യ ഹൈസ്കൂളാണ്. 1992 ൽ വൊക്കേഷണൽ വിഭാഗവും 2000 ൽ ഹയർ സെക്കണ്ടറി വിഭാഗവും ഇവിടെ പ്രവർത്തനമാരംഭിച്ചു . എൻ.സി.സി. , എസ്.പി.സി, സ്കൗട്ട്, ഗൈഡ് സ് , ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി , വിവിധ ക്ലബുകൾ എന്നിവ ഭംഗിയായി ഇവിടെ പ്രവർത്തിക്കുന്നു. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പത്താം തരം പരീക്ഷ എഴുതുന്ന ഈ വിദ്യാലയം ഉപജില്ല , ജില്ല, സംസ്ഥാന കലോത്സവങ്ങളിലും കായിക മേളകളിലും സാമൂഹ്യ, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലെയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമാണ്. നിലവിൽ 80 അധ്യാപകരും 10 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. രണ്ടായിരത്തോളം വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠനം നടത്തുന്നുണ്ട്.75 -ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനില്ക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്. സ്കൂൾ കാർണിവൽ, മെഡിക്കൽ ക്യാമ്പ്, അഖില വയനാട് കായികോത്സവം, പ്രതിഭാസംഗമം, ഗോത്ര ഫെസ്റ്റ്, ഷോർട്ട് ഫിലിം ഫെസ്റ്റ്, പൂർവ്വ വിദ്യാർത്ഥി സംഗമം, പുസ്തകോത്സവം , ജില്ലാതല കവിതാ രചന മത്സരം , കലാസന്ധ്യാ , ചിത്രരചന മത്സരം തുടങ്ങി ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്. 400 മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏക വിദ്യാലയമാണ് മാനന്തവാടി . പ്രദേശവാസികളുടെ ഏക ആശ്രയമായ ഈ കളിസ്ഥലം മികച്ച ഒരു സ്റ്റേഡിയമായി വികസിപ്പിക്കുക എന്നതാണ് പ്ലാറ്റിനം ജൂബിലി സ്മാരകമായി ലക്ഷ്യം വെയ്ക്കുന്നത്. പ്ലാറ്റിനം ജൂബിലിയോടനു ബന്ധിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ പരമാവധി വർദ്ധിപ്പിക്കുക എന്നതും ലക്ഷ്യം വെയ്ക്കുന്നുണ്ട്.