പടിഞ്ഞാറത്തറ : കോഴിക്കോട് – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് 1994ലാണ് നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞത് മാസങ്ങൾ കൊണ്ട് ജോലികൾ പൂർത്തിയായി ഗതാഗതയോഗ്യം ആവേണ്ടതായിരുന്നു.പല കാരണങ്ങൾ കൊണ്ട് നിർമ്മാണം മുടങ്ങി.റോഡിനായി നഷ്ടമാകുന്ന 52 ഏക്കർ വനഭൂമിക്ക് പകരം നാട്ടുകാർ 14 ഏക്കർ കൃഷി ഭൂമി വനംവകുപ്പിന് വിട്ടു നൽകി.കൃഷിഭൂമി പിന്നീട് വനമായി മാറി എന്നല്ലാതെ റോഡ് ഉണ്ടായില്ല. റോഡിനായി കോഴിക്കോട് ജില്ലയിലെ പൂഴിത്തോടും വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലും നിരവധി കർമ്മസമിതികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു.ഇപ്പോഴത്തെ കർമ്മസമിതി കഴിഞ്ഞ മൂന്നു വർഷമായി പ്രക്ഷോഭത്തിലാണ്.സമരം ആയിരം ദിവസം പിന്നിട്ടതിനൊടുവിലാണ് സർവ്വേ നടപടികൾ പൂർത്തിയായത്.റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ് സ്ഥലം എം.പി കൂടിയായ പ്രിയങ്ക ഗാന്ധി പടിഞ്ഞാറത്തറ കുറ്റിയാം വയൽ കരിങ്കണ്ണിയിൽ വനാതിർത്തിയിൽ എത്തുന്നത്.
വയനാട് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ,സൗത്ത് വയനാട് ഡി.എഫ്.ഒ.അജിത് കെ.രാമൻ എന്നിവരുമായും കർമ്മ സമിതി സമിതി നേതാക്കളായ
ശകുന്തള ഷൺമുഖൻ,ഒ.ജെ.ജോൺസൺ,യു.സി.ഹുസൈൻ എന്നിവരുമായും പ്രിയങ്ക ഗാ ഗാന്ധി എം.പി.കൂടിക്കാഴ്ച നടത്തി.ടി.സിദ്ദീഖ് എം.എൽ.എ ഉൾപ്പടെയുള്ള യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളുമായി ചർച്ചയും നടത്തി.പ്രശ്നത്തിൽ ഗൗരവമായി ഇടപെടും എന്ന എം.പിയുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജനപ്രതിനിധികളും നാട്ടുകാരും കർമ്മസമിതിയും.കള്ളാടി- ആനക്കാംപൊയിൽ തുരങ്ക പാതയ്ക്കായി ഇച്ഛാശക്തി കാണിച്ച കേന്ദ്ര കേരള സർക്കാരുകൾ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ പാതയ്ക്കും താല്പര്യമെടുക്കും എന്നാണ് എല്ലാവരും കരുതുന്നത്.
