പ്രവാസികളുടെ മടക്കം: ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ വിശദമാക്കി സര്‍ക്കാര്‍

*തിരുവനന്തപുരം*: പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് കൂട്ടത്തോടെ മടങ്ങുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് 19 ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചും നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ തുടര്‍ച്ചയായിട്ടുമാണ് ദുരന്ത നിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയിട്ടുള്ളത്.
സമ്പര്‍ക്കം മൂലമുള്ള വൈറസ് വ്യാപനവും സമൂഹവ്യാപനവും പരമാവധി തടയുന്നതിനുള്ള നടപടിക്രമങ്ങളാണ് പുതിയ ഉത്തരവിലുള്ളത്. വിദേശത്തുനിന്ന് വിമാനത്തിലും കപ്പലിലുമെത്തുന്നവരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങള്‍ വഴി എത്തുന്നവരും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്പോസ്റ്റുകളിലും പാലിക്കേണ്ട നിബന്ധനകള്‍ മുതല്‍ വീട്ടിലെ ക്വാറന്‍റീനില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വരെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രവാസികള്‍ കൊവിഡ് 19 കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ തദ്ദേശഭരണകൂടങ്ങള്‍, പൊലീസ്, കൊവിഡ് കെയര്‍ നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് വിവരം ലഭിക്കും. യാത്രക്കാര്‍ കൃത്യമായി വീടുകളിലോ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലോ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പൊലീസാണ്. യാത്രക്കാരന്‍ അറിയിച്ചത് പ്രകാരമുള്ളതാണോ താമസസ്ഥലം എന്നത് തദ്ദേശഭരണകൂടം ഉറപ്പുവരുത്തണം. താമസസ്ഥലത്തിനു സമീപമുള്ളവരെയും ക്വാറന്‍റീന്‍ സംബന്ധിച്ച് ബോധവല്‍കരിക്കേണ്ടതും ഇവരാണ്. കൊവിഡ് ബാധിച്ചാല്‍ ആരോഗ്യസ്ഥിതി മോശമാകുന്ന വിഭാഗങ്ങളിലുള്ളവര്‍ സമീപത്തുണ്ടോ എന്ന് ഉറപ്പാക്കുകയും അവരോട് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും വേണം.
ക്വാറന്‍റീനിലുള്ള വ്യക്തി വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരവും ഐപിസി അനുസരിച്ചും പൊലീസ് നടപടി സ്വീകരിക്കണം. പണം കൊടുത്തുള്ള ക്വാറന്‍റീനിലും സര്‍ക്കാരിന്‍റെ ഇന്‍സ്റ്റിറ്റ്യൂഷനിലുമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് റവന്യൂ, പൊലീസ്, തദ്ദേശഭരണ വിഭാഗങ്ങളാണ്.
ഹോം ക്വാറന്‍റീനില്‍ പോകുന്നവര്‍ വീട്ടിലും തങ്ങുന്ന മുറിയിലും പാലിക്കേണ്ട വ്യവസ്ഥകളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെയര്‍ടേക്കര്‍, കുടുംബാംഗങ്ങളടക്കം വീട്ടിലെ താമസക്കാര്‍ എന്നിവര്‍ക്കുള്ള മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *