കൽപ്പറ്റ : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലികളർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു.ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.01.09.2024 മുതൽ 31.08.2025 വരെ ഡ്യൂട്ടിക്കിടയിൽ മരണമടഞ്ഞ രാജ്യത്തെ 191 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട് സ്പ്രിംഗിൽ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താൻ പോയ പോലീസ് സംഘത്തിന് നേരെ ചൈനീസ് സൈന്യം നടത്തിയ അക്രമണത്തിനിടെ ചെറുത്തു നിന്ന പത്ത് പൊലീസുകാർക്ക് ജീവൻ ത്യജിക്കേണ്ടി വന്നു.ഇവരുടെ സ്മരണാർത്ഥമാണ് ഒക്ടോബർ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.
ജില്ലാ പോലീസ് അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്,ഡിവൈ.എസ്.പിമാരായ കെ.ജെ. ജോൺസൺ(ഡി സി.ആർ. ബി),എം.എം. അബ്ദുൽ കരീം(സ്‌പെഷ്യൽ ബ്രാഞ്ച്),വി.കെ. വിശ്വംഭരൻ(മാനന്തവാടി സബ് ഡിവിഷൻ),കെ.കെ. അബ്ദുൾ ഷെരീഫ്(ബത്തേരി സബ് ഡിവിഷൻ), പി.എൽ ഷൈജു(കൽപ്പറ്റ സബ് ഡിവിഷൻ) വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും ഇൻസ്‌പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. സബ് ഇൻസ്‌പെക്ടർ ജോസ് ജോർജ് പരേഡ് കമാണ്ടറായിരുന്നു.