കല്‍പ്പറ്റ : സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) കമാന്‍ഡോ വെടിയേറ്റ് മരിച്ചത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ മൈലാടിപ്പടിയില്‍ ചെങ്ങായിമ്മല്‍ വീട്ടില്‍ താമസിക്കുന്ന വിനീത് (36 വയസ്) എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഡിസംബര്‍ 15 ന് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരണപ്പെടുകയുണ്ടായി. സ്‌പെഷ്യല്‍ ഓപ്പറേഷനില്‍ ചേരുന്നതിന് മുമ്പ് മലപ്പുറത്ത് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിശീലനം നടത്തുന്ന അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് പോലീസ് ക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് വിനീത് ആത്മഹത്യ ചെയ്തത്. നേരത്തെ മേലുദ്യോഗസ്ഥരോട് ഇയാള്‍ ഭാര്യയുടെ പ്രസവത്തിനായുള്ള അവധി ചോദിച്ചിരുന്നു. എന്നാല്‍ ലീവ് അനുവദിക്കാത്തതിനാലും, പോലീസ് സേനയ്ക്കുള്ളില്‍ നേരിടേണ്ടി വന്ന പീഡനവും കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.പോലീസ് സേനയില്‍ പല തരത്തിലുള്ള അടിച്ചമര്‍ത്തലുകളും പീഡനങ്ങളും മൂലം നേരത്തേയും പല പോലീസുകാര്‍ ഇത്തരത്തില്‍ ജോലി സ്ഥലത്തെ സമ്മര്‍ദ്ദങ്ങളും, മേല്‍ ഉദ്യോഗസ്ഥരുടെ പീഢനങ്ങളും മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എസ്.ഒ.ജിയിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ഷിഫാന എന്നവര്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൂടാതെ പുല്‍പ്പള്ളി സ്വദേശിയായ ശ്രീ.സുനീഷ് കെ.കെ എന്നവര്‍ ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് ഓടാന്‍ ആവശ്യപ്പെടുകയും, ഇയാള്‍ രണ്ട് റൗണ്ട് ഓടിയതിന് ശേഷം കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്തിരുന്നു. ഈ മരണങ്ങളെല്ലാം സേനയിലെ ജോലി ഭാരവും, കൃത്യമായി ലീവ് നല്‍കാത്തതും, മേലുദ്യോഗസ്ഥരുടെ ക്രൂരമായ പെരുമാറ്റവുമാണ് കാരണമായിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ പോലീസ് സേനാംഗങ്ങളുടെ ജോലിഭാരവും, ലീവ് നല്‍കാത്ത കാര്യങ്ങളും, അവരോടുള്ള മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും സംബന്ധിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.