പൂപ്പൊലി 2026 മെഡിക്കൽ എക്സിബിഷനുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

പൂപ്പൊലി 2026 മെഡിക്കൽ എക്സിബിഷനുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2026 ജനുവരി 1 മുതൽ 15 വരെ നടത്തുന്ന അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്‌സിബിഷൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.എ പി കാമത്ത്,വൈസ് പ്രിൻസിപ്പാൾ ഡോ.പ്രഭു.ഇ,അനാട്ടമി വിഭാഗം മേധാവി പ്രൊ. ഡോ.ശിവശ്രീരംഗ,ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ചീഫ് സൂപ്പി കല്ലങ്കോടൻ,ഓപ്പറേഷൻസ് വിഭാഗം ഡി ജി എം ഡോ.ഷാനവാസ്‌ പള്ളിയാൽ എന്നിവർ സന്നിഹിതരായിരുന്നു.

മെഡിക്കൽ കോളേജിലെ അനാട്ടമി,പതോളജി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് വളരെ വിജ്ഞാനപ്രദമായ പ്രദർശനം ഒരുക്കിയിരിയ്ക്കുന്നത്. മനുഷ്യ ശരീരത്തിലെ കരൾ,ഹൃദയം,വൃക്കകൾ, ശ്വാസകോശം,പ്ലീഹ,പിത്തസഞ്ചി,മസ്‌തിഷ്കം, ആമശയം,വൻകുടൽ,ചെറുകുടൽ,മൂത്ര സഞ്ചി തുടങ്ങിയ അവയവങ്ങൾ നേരിട്ട് കാണാൻ സാധിക്കുന്ന തരത്തിൽ തുറന്നുവെച്ച ഒരു യഥാർത്ഥ മനുഷ്യശരീരം തന്നെയാണ് എക്സിബിഷന്റെ പ്രധാന ആകർഷണം.കൂടാതെ ക്യാൻസർ ബാധിച്ച കരൾ, അണ്ഡാശയം,ഗർഭാശയ മുഴകൾ,
പിത്തസഞ്ചിയിലെയും കിഡ്‌നിയിലെയും കല്ലുകൾ, രക്തയോട്ടം നിലച്ച കുടൽ,വിവിധ ആഴ്ചകളും മാസങ്ങളും മാത്രം പ്രായമായ ശിശുക്കൾ,മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറുതും ഏറ്റവും വലുതുമായ അസ്ഥികൾ തുടങ്ങി വിജ്ഞാനപ്രദവും ആശ്ചര്യമുളവാക്കുന്നതുമായ പ്രദർശനം കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്.പൊതുജനങ്ങൾക്ക് ആധുനിക മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയുവാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ,മേളയിൽ എത്തുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവും മെഡിക്കൽ കോളേജ് അധികൃതർ പ്രദർശന നഗരിയിൽ സജ്ജമാക്കിയിട്ടുണ്ട്.എല്ലാദിവസവും രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ പൊതുജനങ്ങൾക്ക് ഈ സൗജന്യ പ്രദർശനം സന്ദർശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *