തിരുവനന്തപുരം : കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.ബോർഡിന്റെ എല്ലാ സേവനങ്ങളേയും കോർത്തിണക്കിയാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.ഇതിലൂടെ അംശാദായം അടയ്ക്കുന്നതിനും അനൂകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനും അതിവേഗം കഴിയും.തൊഴിലാളികളുടെ സമയം ലാഭിക്കാനും സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുവാനും ആപ്ലിക്കേഷൻ സഹായകമാണ്. സമൂഹത്തിലെ നട്ടെല്ലായ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തോടെ 2006 ൽ ആണ് ക്ഷേമ ബോർഡ് രൂപീകരിച്ചത്.പിന്നീട് 18 ലക്ഷത്തോളം അംഗങ്ങളുള്ള ബോർഡ് ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു.തൊഴിലാളികൾക്ക് മാത്രമല്ല, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഈ ക്ഷേമ ബോർഡ് ഒരു വലിയ താങ്ങാണെന്നും മന്ത്രി പറഞ്ഞു.
ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാനും സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ്. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേഗത്തിൽ പണം അടക്കുവാൻ കഴിയുന്ന ഓൺലൈൻ പേയ്മെന്റ് സംവിധാനം പ്രധാന ചുവടുവെപ്പായിരുന്നു. ഇന്നത്തെ ലോകം ഡിജിറ്റൽ യുഗത്തിലാണ്. എല്ലാ വിവരങ്ങളും ഗ്രൂപ്പിൽ ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുകയാണ്.ഈ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് ബോർഡിന്റെ എല്ലാ സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒരു മൊബൈൽ ആപ്പ് രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.ക്ഷേമനിധി ബോർഡിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ കെ രാജഗോപാൽ അദ്ധ്യക്ഷനായി.ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷമീം അഹമ്മദ് ഐ,ഭരണസമിതി അംഗങ്ങൾ,ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.