കൽപ്പറ്റ : പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.സർക്കാർ ‘രണ്ട് വള്ളത്തിൽ കാൽ ചവിട്ടുന്ന’ സമീപനം ഉപേക്ഷിച്ച് വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആരോപിച്ചു.ഇതോടെ കേന്ദ്രവും സിപിഎമ്മും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം,പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കേരളത്തിന്റെ കത്ത് ലഭിച്ച ശേഷം തുടർനടപടികൾ ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം പിന്മാറാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.മുൻപ് സമാനമായ രീതിയിൽ പഞ്ചാബ് പിന്മാറാൻ ശ്രമിച്ചപ്പോൾ കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുകയും തുടർന്ന് പഞ്ചാബ് നിലപാട് മാറ്റുകയും ചെയ്തിരുന്നു.
 
            
 
                                     
                                     
                                     
                                         
                                         
                                         
                                         
                                         
                                        