കല്‍പ്പറ്റ : പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. പി.എം. അഭിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ അഥവാ ട്രോമാകെയര്‍ യൂണീറ്റ് ആരംഭിക്കുന്നതിനാണ് തുക വിനിയോഗിക്കേണ്ടത്. 50 കിടക്കകളുള്ള കെട്ടിടമാണ് ഇതിനായി നിര്‍മ്മിക്കേണ്ടത്. ആശുപത്രിയോടനുബന്ധിച്ചാണ് കെട്ടിടം നിര്‍മ്മിക്കേണ്ടതെങ്കിലും സ്ഥല പരിമിതിയാണ് പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. 2026 മാര്‍ച്ചിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണം. കല്‍പ്പറ്റ നഗര സഭാ ചെയര്‍ പേഴ്‌സണ്‍ അഡ്വ.ടി.ജെ. ഐസക് ഉള്‍പ്പടെ ജനപ്രതിനിധികളും എ.ഡി.എം. കെ. ദേവകിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും, ഡി.പി.എം ഡോ.സമീഹ, ജനറല്‍ ആശുപത്രി സൂപ്രണ്ടന്റ് ഡോ.മൊയ്തീന്‍ ഷാ, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 27 ന് വിദഗ്ധ സംഘം വയനാട്ടിലെത്തുമെന്നും എം എല്‍ എ പറഞ്ഞു.