മാനന്തവാടി : പിണറായി സർക്കാരിന്റെ കാലത്ത് പട്ടിക വർഗ്ഗ സമൂഹത്തിന് നീതി നിഷേധിക്കപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ നാല് സെന്റ് കോളനിയിലെ ചുണ്ടമ്മ എന്ന സ്ത്രീയുടെ മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോകാൻ ആംബുലൻസ് നിഷേധിച്ചതെന്ന് മുൻ പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ. ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി. ഒരു ദിവസം മുഴുവൻ കാത്തു നിന്നിട്ടും മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്നത് ഭരണകൂട വീഴ്ചയാണ്. പതിവായി വയനാട് മെഡിക്കൽ കോളേജിൽ പാവപ്പെട്ട പട്ടിക വർഗ്ഗ വിഭാഗത്തിലെ രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ്. പലപ്പോഴും രോഗികൾക്ക് ആംബുലൻസ് ലഭിക്കാറില്ല. സ്വകാര്യ ആംബുലൻസുകൾക്ക് വാടക കുടിശ്ശിക ഉള്ളതിനാൽ അതും ലഭിക്കാറില്ല. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപ്പെടണമെന്നും പട്ടികവർഗ്ഗ വികസന വകുപ്പ് കൂടുതൽ ആംബുലൻസ് അനുവദിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.