പതിനാറാം ധനകാര്യ കമ്മീഷൻ:ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി

പതിനാറാം ധനകാര്യ കമ്മീഷൻ:ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി

കൽപ്പറ്റ : പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വയനാട്ടിലെ കർഷകരുമായി കൂടി ക്കാഴ്ച നടത്തി.2027 മുതൽ 2031 വരെയുള്ള പതിനാറാം ധനകാര്യ കമ്മീഷന്റെ പദ്ധതിവിഹിതത്തിലാണ് കാപ്പിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിൽ ഒന്നായ വയനാടിന് ഇത് ഏറെ ഗുണം ചെയ്യും. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച പദ്ധതി വിഹിതത്തിൻ്റെ അവസാന ബഡ്ജറ്റ് ആയ അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പിക്കുള്ള വിഹിതവും വർധിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. കാപ്പി കൃഷിയിൽ ഏതെല്ലാം മേഖലകളിൽ ധന വിനിയോഗം ആവശ്യമാണെന്ന് കാര്യത്തിൽ കർഷകരുമായി ചർച്ച ചെയ്യുന്നതിനാണ് കേന്ദ്രമന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കർഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ചുണ്ടയിൽ പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വിവിധ കാപ്പി കർഷക സംഘടന നേതാക്കളും എഫ്. പി. ഒ. പ്രതിനിധികളും കോഫി ബോർഡ് അംഗങ്ങളും ഇപ്പോഴത്തെ കോഫി ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കോഫി ബോർഡ് സെക്രട്ടറിയും ആയ എം കുർമാറാവു ഐ എ എസ് .കർഷകരുമായി സംവദിച്ചു. ചെറുകിട നാമ മാത്ര കർഷകർക്കാണ് കോഫി ബോർഡ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് മാനേജ്മെന്റിലെ ശാസ്ത്രജ്ഞരും ഉയർന്ന ഉദ്യോഗസ്ഥരും കർഷകരുമായി ചർച്ച നടത്തി. വരും വർഷങ്ങളിൽ കാപ്പി കൃഷി മേഖലയിൽ അനുവദിക്കേണ്ട സബ്സിഡി പദ്ധതികളും പദ്ധതി വിനിയോഗവും സംബന്ധിച്ച് വിഷയങ്ങളാണ് കൂടുതലായി ചർച്ച ചെയ്തത്.

കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ എം കറുത്തമണി, കോഫി ബോർഡ് മെമ്പർമാരായ ‘ഇ. ഉണ്ണികൃഷ്ണൻ, കെ .കെ മനോജ് കുമാർ എന്നിവരും വിവിധ തലങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംരംഭക പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കാപ്പി മേഖലയുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് നാളെ മുതൽ വിവിധ ഭാഗങ്ങളിൽ പ്രാദേശിക ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *