പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പൂർണ്ണ പരാജയം പി കെ കൃഷ്ണദാസ്

പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പൂർണ്ണ പരാജയം പി കെ കൃഷ്ണദാസ്

മാനന്തവാടി : ആദിവാസി വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ കടുത്ത അനാസ്ഥക്കും അവഗണനയ്ക്കെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഓ. ആർ കേളുവിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു ആദിവാസി വിഭാഗങ്ങളെ വോട്ട് ബാങ്ക് ആയും ആദിവാസി ക്ഷേമ ഫണ്ട് വെട്ടിക്കുവാനുള്ള കറുവപ്പശുവായും അതിനു ശേഷം കറിവേപ്പില പോലെ വലിച്ചെറിയുന്ന ദാരുണമായ അവസ്ഥയിലാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ എന്ന് പി കെ കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോപിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് കേരളത്തിൽ ആകമാനം ആൾക്കൂട്ട ആക്രമണങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും തുടർക്കഥയായി കൊണ്ടിരിക്കുന്നു. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ മാനന്തവാടിയിൽ സമീപ കാലങ്ങളിൽ ആദിവാസി വിഭാഗങ്ങൾക്ക് എതിരെ ഉണ്ടായ ആക്രമണങ്ങളും പോലീസ് ഭീഷണിയെ തുടർന്ന് ഉണ്ടായ ആത്മഹത്യയും വയോധികയുടെ മൃതദേഹം സംസ്കാരത്തിന് വേണ്ടി ഓട്ടോറിക്ഷയിൽ നാലര കിലോമീറ്റർ ഓളം കയറ്റി കൊണ്ടുപോയത് പോലുള്ള സംഭവങ്ങൾ സംസ്ഥാന സർക്കാരിന്റെ ആദിവാസി ജനവിഭാഗങ്ങളോടുള്ള അവഗണനയുടെ ദൃഷ്ടാന്തങ്ങളാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ളതു പോലെ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ആദിവാസി വിഭാഗത്തിന്റെ സുരക്ഷയും ക്ഷേമവും നഷ്ടപ്പെട്ടിരിക്കുന്നു. ആദിവാസി ക്ഷേമത്തിനായികേന്ദ്രം നൽകുന്ന തുക രാഷ്ട്രീയ നേതൃത്വവും ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും കൊള്ളയടിക്കുന്നത് കൊണ്ടാണ് ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾക്കുള്ള സ്കോളർഷിപ്പ് മുടങ്ങിക്കിടക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസി ക്ഷേമത്തിന്റെ കാര്യത്തിൽ പൂർണ്ണ പരാജയമായ പിണറായി സർക്കാരിന്റെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എങ്കിലും അധികാരത്തിനോടൊപ്പം പോകാതെ ആദിവാസികളോടൊപ്പം നിൽക്കണമെന്ന് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണയിൽ ജിതിൻ ബാനു അധ്യക്ഷതവഹിച്ചു. സജീ ശങ്കർ, പി ജി ആനന്ദകുമാർ,വിൽഫ്രഡ് ജോസ്, കണ്ണൻ കണിയാരം, ജോർജ് മാസ്റ്റർ, കെ മോഹൻദാസ്,ഇ മാധവൻ, അഖിൽ പ്രേം, ഗിരീഷ് കട്ടക്കളം, പുരത്തിൽ രാജൻ, ശരത് കുമാർ, അഖിൽ കേളത്ത് ശ്രീജിത്ത് കണിയാരം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *