ന്യൂനമർദം ശക്തം: കോഴിക്കോട് റെഡ് അലർട്ട്; കടലിൽ പോകരുത്, തീരങ്ങളിൽ ജാഗ്രത വേണം

കോഴിക്കോട് : വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തതിരുന്ന ന്യൂനമർദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. ശക്ത‌മായ മഴ മുന്നറിയിപ്പുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ജാഗ്രത പാലിക്കണമെന്നറിയിച്ച് എലത്തൂർ കോസ്റ്റൽ പൊലീസ് വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. ഡിസംബർ അഞ്ച് വരെ മീൻപിടിത്തം നിരോധിച്ചു. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ രാത്രിയിൽ ജില്ലയുടെ പല ഭാഗത്തും, പ്രത്യേകിച്ച് മലയോര മേഖലയിൽ ശക്തമായ മഴ പെയ്തു. രാവിലെ മഴ കുറവുണ്ട്. വയനാട് ജില്ലയിലും കഴിഞ്ഞ രാത്രി മിക്കയിടത്തും കനത്ത മഴയായിരുന്നു.

മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും പകൽ കാര്യമായി മഴ പെയ്യുന്നില്ല. വയനാട്ടിൽ ഇന്ന് യെലോ അലർട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *