തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി.നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്.നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം.ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത.അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്.അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്.
നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.മമ്മൂട്ടി അവതരിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 128 ചിത്രങ്ങള്‍ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകൾ മാത്രമാണ് അവസാന റൗണ്ടിൽ എത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.
കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭ,രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍,സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീം എന്നിവരും അന്തിമ റൗണ്ടിലുണ്ട്.
200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, ഫഹദിന്റെ ആവേശം,ജോജു ജോർജിന്റെ പണി,മലൈക്കോട്ടൈ വാലിബൻ,കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്,പ്രേമലു,മാര്‍ക്കോ,
ഐഎഫ്എഫ്കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ,ശിവരഞ്ജിനിയുടെ വിക്ടോറിയ, ത്രിമാന ചിത്രങ്ങളായ എആര്‍എം,ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലുള്ളത്.
നവാഗത സംവിധായകരുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചയമുള്ള രണ്ടുപേരുടെ ചിത്രവും ഇത്തവണ ജൂറിയുടെ മുന്നില്‍ എത്തുന്നു.ഒന്ന്– ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രം.സംവിധായകന്‍ മോഹന്‍ലാല്‍.രണ്ട് – പണി. സംവിധായകൻ മികച്ച നടനുള്ള പുരസ്കാരം ഉള്‍പ്പടെ നേടിയ ജോജു ജോര്‍ജ്.

 
                                     
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        