നന്മയുടെ നൂലിഴ കോർത്ത് ജെയിൻ യൂണിവേഴ്സിറ്റി;ചിൽഡ്രൻസ് ഹോം അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു

നന്മയുടെ നൂലിഴ കോർത്ത് ജെയിൻ യൂണിവേഴ്സിറ്റി;ചിൽഡ്രൻസ് ഹോം അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു

കൊച്ചി : തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുമ്പോള്‍,കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്ക് സ്‌നേഹത്തില്‍ ചാലിച്ച് നെയ്‌തെടുത്ത ഓണക്കോടി സമ്മാനിച്ച് ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍.അലമാരകളില്‍ ഉപയോഗിക്കാതെ വെച്ച പഴയ സാരികള്‍ക്ക് പുതിയ രൂപവും മൂല്യവും നല്‍കിയാണ് മനോഹരമായ ഓണക്കോടി തയാറാക്കിയത്.ഇതിലൂടെ ഉപേക്ഷിച്ച വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിനൊപ്പം, പങ്കുവെക്കലിന്റെയും കരുതലിന്റെയും യഥാര്‍ത്ഥ ഓണസന്ദേശം കൂടിയാണ് ഈ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്.

ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരായ സില്‍വസ്റ്റര്‍, സുമതി ആര്‍,കൃഷ്ണ കെ.എസ് എന്നിവരുടെ നേതൃത്വത്തില്‍ ഡിസൈന്‍ സ്‌കൂളിലെ ലാബുകളില്‍ ഓണക്കോടി തയാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നപ്പോള്‍ അതൊരു പുത്തനനുഭവമായി മാറി.തുണിയുടെ ഗുണമേന്മ പരിശോധിക്കുന്നതു മുതല്‍ പാറ്റേണുകള്‍ ഒരുക്കുന്നതിലും തയ്ക്കുന്നതിലും വരെ ഓരോ ഘട്ടത്തിലും സുസ്ഥിര ഫാഷന്‍ എന്ന ആശയത്തിന് വിദ്യാര്‍ത്ഥികള്‍ ജീവന്‍ നല്‍കുകയായിരുന്നു.കേരളത്തനിമ ഒട്ടും ചോരാതെ, അന്തേവാസികളുടെ പ്രായത്തിനും ഇഷ്ടങ്ങള്‍ക്കും ഇണങ്ങുന്ന മനോഹരമായ വസ്ത്രങ്ങളായി ഓരോ സാരിയും രൂപം മാറി.സൗന്ദര്യത്തിനപ്പുറം, രൂപകല്‍പ്പനയ്ക്ക് സഹാനുഭൂതിയുടെയും നന്മയുടെയും ഒരു തലമുണ്ടെന്ന് സമൂഹത്തെ ഓർമപ്പെടുത്തുന്നതാണ് ഈ ഉദ്യമം.

കേരളത്തിന്റെ തനത് വസ്ത്രമായ സാരിയെ പുതിയ വസ്ത്രങ്ങളാക്കി മാറ്റുന്നതിലൂടെ,പാരമ്പര്യത്തിന് സുസ്ഥിരമായ ഒരു ഭാവിയെ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നും വിദ്യാർത്ഥികൾ തെളിയിച്ചു.ക്ലാസ് റൂം പഠനത്തിന് അപ്പുറം സാമൂഹിക പ്രതിബദ്ധതയുടെയും സഹാനുഭൂതിയുടെയും നേര്‍ക്കാഴ്ചയായിരുന്നു വിദ്യാർത്ഥികളുടെ ഈ ഓണസമ്മാനം.

ഓരോ കുട്ടിയെയും നേരില്‍ കണ്ട്,അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന,തങ്ങള്‍ പരിഗണിക്കപ്പെടുന്നു എന്ന ബോധമുണര്‍ത്തുന്ന വസ്ത്രങ്ങള്‍ ഒരുക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ ശ്രദ്ധിച്ചു.
‘വസ്ത്രങ്ങള്‍ കൈമാറുമ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയാണ് ഞങ്ങള്‍ ഡിസൈനര്‍മാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. തുന്നിച്ചേര്‍ത്ത ഓരോ നൂലിഴയിലും സംസ്‌കാരത്തിന്റെയും കരുതലിന്റെയും കഥയുണ്ടായിരുന്നു.ബി.എ ഫാഷൻ ഡിസൈൻ ഒന്നാം വർഷ വിദ്യാർത്ഥി നിവേത പറഞ്ഞു.

നല്ല നാളേയ്ക്കൊരു മികച്ച മാതൃക എന്ന യൂണിവേഴ്സിറ്റിയുടെ കാഴ്ച്ചപ്പാടാണ് വിദ്യാർത്ഥികൾ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു.’സഹാനുഭൂതിയില്‍ നിന്ന് ഒരു രൂപകല്‍പ്പന ആരംഭിക്കുമ്പോള്‍,അത് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ഗുണകരമാകും. ഈ ഉദ്യമത്തിലൂടെ,വിദ്യാര്‍ത്ഥികള്‍ ഒരു പൈതൃക വസ്ത്രത്തിന് ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുതിയ മാനം നല്‍കി. ഏറ്റവും സുസ്ഥിരമായ കാര്യങ്ങള്‍ ഏറ്റവും മനുഷ്യത്വപരമാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *