താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും;യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും;യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ : തുടർച്ചയായ അവധി ദിനങ്ങളും ദസറ ആഘോഷങ്ങളും കാരണം താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത.മണിക്കൂറുകളോളം യാത്രാ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ,ചുരം വഴി യാത്ര ചെയ്യുന്നവർക്ക് പോലീസും ചുരം സംരക്ഷണ സമിതിയും ജാഗ്രതാ നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം അടിവാരം മുതൽ ലക്കിടി വരെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.തുടർച്ചയായ അവധി ദിവസങ്ങൾക്കൊപ്പം ദസറ ആഘോഷങ്ങൾക്കായി മൈസൂരുവിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതുമാണ് തിരക്ക് അനിയന്ത്രിതമാകാൻ കാരണം.വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടാൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ബദൽ പാതകൾ ഇല്ലാത്തതും,കുരുക്കിൽപ്പെട്ടാൽ വാഹനങ്ങൾക്ക് യു-ടേൺ എടുക്കാൻ പോലും സാധിക്കാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.ചരക്ക് ലോറികൾ വയനാട് ഭാഗത്തേക്ക് പ്രവേശിക്കുന്നത് കുരുക്കിന്റെ ആക്കം കൂട്ടുന്നുണ്ട്.ഈ സാഹചര്യത്തിൽ,യാത്രക്കാർ കർശനമായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.ആശുപത്രി,വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി ചുരം വഴി പോകുന്നവർ വളരെ നേരത്തെ യാത്ര പുറപ്പെടണം.കൂടാതെ,എല്ലാ യാത്രക്കാരും വെള്ളവും ലഘുഭക്ഷണവും കയ്യിൽ കരുതണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *