കൽപ്പറ്റ : ടൂറിസം മേഖലയിലെ സംരംഭകരുടെ ഏറ്റവും വലിയ പരിപാടികളിലൊന്നായ ബി ടു ബി മീറ്റിന് വയനാട് വേദിയാകുന്നു.വിമൺ ടൂറിസം ഫ്രറ്റേർണിറ്റി ഓഫ് കേരളയുടെ നേതൃത്വത്തിൽ ഇവോൾവ് 2026 എന്ന പേരിൽ നാളെ ബത്തേരി സപ്ത റിസോർട്ടിലാണ് പരിപാടി.ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 19 വയസ്സുകാരിയായ ഡബ്ല്യൂ.ടി.എഫ്.കെ പ്രസിഡണ്ട് ഹുസ്ന മുഹമ്മദിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇവോൾവിൻ്റെ രണ്ടാം പതിപ്പാണ് നാളെ നടക്കുന്നത്.150 ലധികം സെല്ലർമാരും 500 ലധികം ബയർമാരും ഉൾപ്പെടെ 1500 പേർ പരിപാടിയിൽ പങ്കെടുക്കും.വിനോദ സഞ്ചാര മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.ഈ രംഗത്തേക്ക് വരുന്ന യുവതികളെ പിന്തുണക്കുന്നതിനാണ് പ്രധാന ശ്രദ്ധയെന്ന് ഹുസ്ന മുഹമ്മദ് പറഞ്ഞു.ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന വനിതാ കൂട്ടായ്മ എന്ന നിലയിൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ പദ്ധതിയുണ്ടെന്നും സംഘാടകർ പറഞ്ഞു.
