താളൂർ : ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നു.അധിക സമയ നിയന്ത്രണം ഒഴിവാക്കുക ,ഗുഡ്സ് വാഹനങ്ങൾ വഴിയിൽ തടഞ്ഞ് വൻപിഴകൾ ഈടാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് ചൊവ്വാഴ്ച ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കലക്ടറേറ്റ് മാർച്ചിനുശേഷം അധികൃതർ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ ടിപ്പറുകൾ കലക്ടറേറ്റിനു മുമ്പിൽ നിർത്തിയിട്ട് പ്രതിഷേധിക്കുമെന്നും ഇവർ പറഞ്ഞു.
ജില്ലാ സെക്രട്ടറി സി.പി മുഹമ്മദാലിയും മറ്റ് ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
