കോഴിക്കോട്: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഉള്‍പ്പെടെയുളള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. വിത്തുകള്‍, തൈകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്കായി കര്‍ഷകര്‍ അന്വേഷണങ്ങള്‍ നടത്തുന്നുമുണ്ട്. തിരുവാതിര ഞാറ്റുവേല ഫലവൃക്ഷ തൈകളും കാര്‍ഷിക വിളകളും നടാന്‍ അനുയോജ്യമായ സമയമാണ്. ഈ വര്‍ഷം തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 രാത്രി മുതല്‍ ആരംഭിച്ച് ജൂലൈ 4 വരെയാണ്. ഇ സാഹചര്യത്തില്‍ ജൂണ്‍ 22 മുതല്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കൃഷി ഭവനുകളും കേന്ദ്രികരിച്ച് കര്‍ഷകസഭകളും ഞാറ്റവേല ചന്തകളും സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ വെച്ച് 2020 ജൂണ്‍ 22ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് തൊഴില്‍ എക്സെസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുകയാണ്. ഗുണമേന്മയുളള നടീല്‍വസ്തുക്കള്‍, കൃഷിക്ക് അനുയോജ്യമായ സമയത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കാര്‍ഷികരംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടുളള സുതാര്യമായ ആസൂത്രണ പ്രക്രിയയിലേക്ക് പശ്ചാത്തലം സൃഷ്ടിക്കുക, കാര്‍ഷികമേഖലയിലെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് കാര്‍ഷിക സഭകളും ഞാറ്റുവേല ചന്തകളും കൊണ്ട് ഉദ്ദേശിക്കുന്നത്. ഞാറ്റുവേലചന്തകള്‍ മുഖേന ഗുണനിലവാരമുളള നടീല്‍വസ്തുക്കളുടെ വില്പന ഉണ്ടായിരിക്കുന്നതാണ്. പച്ചക്കറിവികസന പദ്ധതി പ്രകാരം രൂപീകരിക്കപ്പെട്ട ക്ലസ്റ്റര്‍ നഴ്സറികള്‍/കാര്‍ഷിക കര്‍മ്മസേന/അഗ്രോ സര്‍വീസ് സെന്‍റര്‍ നഴ്സറികള്‍, കൃഷിവകുപ്പ് സാമ്പത്തിക-സാങ്കേതികസഹായം നല്‍കുന്ന നഴ്സറികള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വി.എഫ്.പി.സി.കെ, കാര്‍ഷികസര്‍വകലാശാല, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന വിത്തുകളും നടീല്‍വസ്തുക്കളുമാണ് ഞാറ്റുവേല ചന്തകളില്‍ വില്‍പന നടത്തുക. കര്‍ഷകര്‍ പരമ്പരാഗതമായി സംരക്ഷിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന വിത്തിനങ്ങളുടെ വില്‍പ്പനയും പരസ്പര കൈമാറ്റവും ഇതോടൊപ്പം സംഘടിപ്പിക്കുന്നതായിരിക്കും. കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിലവിലുളള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കര്‍ഷകസഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നത്.
- Home
- Agriculture
- ജില്ലാതല ഞാറ്റുവേലചന്ത വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍