കൊച്ചി : കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍.എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282 ആണ്. 49 ലക്ഷത്തിലധികം ആധാര്‍ കാര്‍ഡുകള്‍ അധികമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്കിയ മറുപടിയിലാണ് ആശയക്കുഴപ്പം വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായുള്ള പ്രവണതയാണിതെങ്കിലും കേരളത്തില്‍ അന്തരം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യാത്തതാണ് പിഴവിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. മരണമടഞ്ഞ വ്യക്തികളുടെ ആധാര്‍ റദ്ദാക്കാനോ, നിര്‍ജ്ജീവമാക്കാനോ ഉള്ള നടപടികള്‍ കാര്യക്ഷമല്ലാത്തതാണ് വ്യത്യാസത്തിന്റെ പ്രധാന കാരണമെന്ന് കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല പറഞ്ഞു. വിവരങ്ങള്‍ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടാത്ത സാഹചര്യം മരിച്ചു പോയവരുടെ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ ഡാറ്റയുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും രാജു ചൂണ്ടിക്കാട്ടുന്നു
രാജ്യ വ്യാപകമായി ഇത്തരത്തില്‍ ഒരു അന്തരം നിലനില്‍ക്കുന്നുണ്ട്.ഇന്ത്യയിലെ ജനസംഖ്യ 141 കോടിയിലധികമാണെന്നിരിക്കെ (141,22,25,700) വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 142 കോടിയിലധികമാണ് (142,95,78,647). കൃത്യമായി പറഞ്ഞാല്‍ 1,73,52,947 ആധാര്‍ രജിസ്ട്രേഷനുകള്‍ കൂടുതലായുണ്ട്. കേരളത്തിന് പുറമെ,ആന്ധ്രാപ്രദേശ്,കര്‍ണാടക,മഹാരാഷ്ട്ര, പഞ്ചാബ്,രാജസ്ഥാന്,തമിഴ്നാട്,തെലങ്കാന,ത്രിപുര, ഉത്തരാഖണ്ഡ്,പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ അന്തരം നിലനില്‍ക്കുണ്ട്.
അതേസമയം,ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതിനും മരണമടഞ്ഞവരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുന്ന നടപടി കാര്യക്ഷമായി പുരോഗമിക്കുന്നുണ്ടെന്ന് യുഐഡിഎഐ നല്കുന്ന വിശദീകരണം.
സിവില്‍ രജിസ്ട്രേഷന് സിസ്റ്റം (സിആര്‍എസ്) വഴി 24 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 1.55 കോടി മരണ രേഖകള്‍ ലഭിച്ചിട്ടുണ്ട്.ഇതനുസരിച്ച രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി (ആര്‍ജിഐ) സഹകരിച്ച് 1.17 കോടിയിലധികം ആധാര്‍ നമ്പറുകള്‍ വിജയകരമായി നിര്‍ജ്ജീവമാക്കി.സിആര്‍എസ് ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാനമായ ഒരു പ്രക്രിയ നടക്കുന്നുണ്ടെന്നും യുഐഡിഎഐ പറയുന്നു.ആധാറിന്റെ വെബ്സൈറ്റ് മുഖേനെയും മരിച്ച വ്യക്തികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സൗകര്യമുണ്ട്.2025 ജൂണ്‍ 9 മുതല്‍ ഈ സൗകര്യം നിലവിലുണ്ട്.ഇതിലൂടെ മരിച്ചയാളുടെ ആധാറും മരണ രജിസ്ട്രേഷന് നമ്പറും ഉപയോഗിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ നടപടി പൂര്‍ത്തിയാക്കാനാകും.ബാങ്കുകളില്‍ നിന്ന് മരണ രേഖകള്‍ ശേഖരിക്കുന്നതിനെക്കുറിച്ചും, നൂറ് വയസ് പിന്നിട്ടവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചുമുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ടെന്നാണ് യുഐഡിഎഐ പറയുന്നത്.
