കൽപ്പറ്റ : അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന ജില്ലയായ വയനാട്, ഗതാഗത സൗകര്യങ്ങളില്ലാതെ വീർപ്പ്മുട്ടുകയാണ്. ചുരത്തിലെ ഗതാഗത തടസ്സം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റ് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കും കൊണ്ട് പോകുന്ന അത്യാസന്ന നിലയിലുള്ള രോഗികൾക്ക് തുടർച്ചയായി ജീവൻ നഷ്ടപ്പെട്ടിട്ട് പോലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. മൂന്ന് ഭാഗങ്ങളിലും മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാൽ ഇടുങ്ങിയ ചുരം റോഡിൽ താങ്ങാവുന്നതിനേക്കാൾ പതിന്മടങ്ങ് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. എ.കെ. ആâണി മുഖ്യമന്ത്രിയായിരുന്ന കാലത്തും പി.ജെ. ജോസഫ് പി.ഡബ്ള്യൂ.ഡി. മന്ത്രിയായിരുന്നപ്പോഴും ബദൽ മാർഗങ്ങളായ ചിപ്പിലിത്തോട്- മരുതിലാവ് – തളിപ്പുഴ റോഡ്, പടിഞ്ഞാറത്തറ പൂഴിത്തോട് – വിലങ്ങാട് റോഡ്, നിലമ്പൂർ – നഞ്ചങ്കോട് റെയിൽവേ തുടങ്ങിയവ സജീവമായി പരിഗണിച്ചിരുന്നു. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കാൻ കഴിയുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് സർവ്വേ നടപ്പിലാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ട്പ്പോലും അത് പൂർത്തീകരിക്കാൻ നാളിതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. കേവലം അഞ്ഞൂറ് കോടി രൂപ മാത്രം മതിയാകുന്ന ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപ്പാസ് റോഡ് നിർമാണത്തിന്‍റെ കാര്യത്തിൽ മൗനം പാലിക്കുന്നത് കെ-റെയിൽ പദ്ധതിയുടേത് പോലെ വൻ തുക കമ്മീഷൻ ലാഭമാക്കാക്കിയുള്ള നീക്കമാണ്. ജില്ലയിലെ പാവപ്പെട്ട ജനങ്ങളെ വിഡ്ഢികളാക്കി ബഫർ സോൺ വിഷയത്തിലും രാത്രികാല യാത്രാ നിരോധനത്തിലും തുടങ്ങി കാർഷിക മേഖലയെ തീർത്തും നാമാവശേഷമാക്കിയിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിക്കുകയും വിലത്തകർച്ച കൊണ്ട് നിത്യവൃത്തിക്ക് വകയില്ലാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലും വയനാട്ടിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉടനടി കണ്ടെത്തി നടപ്പാക്കിയില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പോൾസൺ കൂവക്കൽ അറിയിച്ചു.
