കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇനിയും ദുരന്തബാധിതരോട് നിരുത്തവരവാദപരമായി, അവഗണനയോടെ പെരുമാറിയാല്‍ സമ്മതിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിചതച്ചതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടിപ്പിച്ച എസ് പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സര്‍ക്കാരില്ലായ്മയാണ്. ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാരിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നത് സാധാരണമാണ്. എന്നാല്‍ ദുരന്തബാധിതരുടെ കാര്യത്തില്‍ അതുണ്ടാവുന്നില്ല. ആദ്യമായി കേന്ദ്രസര്‍ക്കാരിന്റെ അവഗണനയെ കുറിച്ച് പറഞ്ഞത് പ്രതിപക്ഷമാണ്.
ദുരന്തവുമായി ബന്ധപ്പെട്ട് വിശദമായ കണക്ക് നല്‍കിയത് ഇക്കഴിഞ്ഞ നവംബറിലാണെന്നത് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റാണ്. എന്നാല്‍ ഇതുപോലൊരു ദുരന്തമുണ്ടായപ്പോള്‍ മറ്റൊന്നും നോക്കാതെ കേന്ദ്രം ധനസഹായം നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പ്രധാനമന്ത്രിയും കേന്ദ്രസംഘവും പരിശോധന നടത്തിയിട്ടും ഒന്നും നല്‍കാന്‍ തയ്യാറായിട്ടില്ല. രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേന്ദ്രസഹായം വാങ്ങാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ജീവനക്കാരുടെ ശമ്പളമടക്കം 681 കോടി രൂപ വന്നപ്പോള്‍ അതില്‍ നിന്നും ചിലവാക്കിയത് കേവലം 7.65 കോടി രൂപ മാത്രമാണ്. ബാക്കി പണം കൊണ്ട് എന്താണ് ഇവിടെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. പുനരധിവാസം അനന്തമായി നീണ്ടുപോയാല്‍ ദുരന്തബാധിതര്‍ വലിയ പ്രതിസന്ധിയിലാകും. രാഹുല്‍ഗാന്ധിയും കര്‍ണാടക സര്‍ക്കാരും മുസ്‌ലിംലീഗും നൂറ് വീതം വീടുകളും യൂത്ത്‌കോണ്‍ഗ്രസ് 30 വീടുകളും വെച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലം വാങ്ങി വീട് വെക്കാമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഭൂമി തരുമെന്നാണ് പറഞ്ഞത്. ഈ വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യുകയും ഭൂമിക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇതുവരെ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വ്യവഹാരങ്ങളില്ലാത്ത ഭൂമി ഏറ്റെടുക്കണമെന്ന് ആദ്യമെ പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ തോട്ടമുടമകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയോ ഉത്തരവാദപ്പെട്ട മന്ത്രിമാരോ തയ്യാറായില്ല. ദുരന്തബാധിതര്‍ക്കുള്ള ഭൂമിയായതിനാല്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പകുതിവിലക്കെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ ധാര്‍ഷ്ട്യവും ധിക്കാരവും കാട്ടിയതിനാല്‍ അവര്‍ കോടതിയില്‍ പോയി. ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം ഒഴിവാക്കി പുനരധിവാസം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കുമെന്ന നിലപാട് മാറ്റിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് നാല് റൗണ്ട് ലാത്തിചാര്‍ജ്ജ് നടത്തിയത്.
നേതാക്കളെ തെരഞ്ഞുപിടിച്ച് വിരോധം തീര്‍ക്കാനെന്നവണ്ണം ക്രൂരമായി മര്‍ദ്ദിച്ചു. തല്ലിയിട്ടും തല്ലിയിട്ടും മതിവരാത്ത ഉദ്യോഗസ്ഥരെ ഞങ്ങള്‍ക്കറിയാമെന്നും, ഇതൊന്നും മറക്കില്ലെന്നും അവരുടെ ദേഹത്ത് വീണ ഓരോ പാടിനും മറുപടി പറയിക്കേണ്ടവരെ കൊണ്ട് പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി, കെ ഇ വിനയന്‍, സംഷാദ് മരക്കാര്‍, എം ജി ബിജു, ബിനുതോമസ്, ടി ജെ ഐസക്, അമല്‍ ജോയി, ഗൗതം ഗോകുല്‍ദാസ്, ജിനി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.