ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്താന്‍ ഐ ഐ ഐ ടി എം-കെ

പരീക്ഷാമേല്‍നോട്ട സോഫ്റ്റ് വെയര്‍ സാധ്യത പരിശോധിക്കുന്നു, ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്താന്‍ ഐഐഐടിഎം-കെ
*തിരുവനന്തപുരം*: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയിലൂടെ മൂന്ന് കോഴ്സുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മന്‍റ് കേരള(ഐഐഐടിഎം-കെ) അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പരീക്ഷാ മേല്‍നോട്ട സോഫ്റ്റ് വെയറിന്‍റെ സാധ്യത പരിശോധിച്ചാണ് പരീക്ഷ നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐഐഐടിഎം-കെ. കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ് സി, എം ഫില്‍, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സില്‍ എംഫില്‍ എന്നീ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജൂണ്‍ 30 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി. ഡേറ്റാ അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ഇന്‍റലിജന്‍സ്, ജിയോസ്പാഷ്യല്‍ അനലിറ്റിക്സ് എന്നിവയിലാണ് എംഎസ് സി സ്പെഷ്യലൈസേഷനുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiitmk.ac.in/admission എന്ന വെബ്സൈറ്റിലോ 9809159559 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ജൂലായ് 25 നാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ. ജൂലായ് 20 ന് ഹാള്‍ടിക്കറ്റുകള്‍ ഓണ്‍ലൈനായി അയക്കും. ഓഗസ്റ്റ് 3 ന് ഫലം പുറത്തു വരും. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രത്യേക മേല്‍നോട്ട സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ സോഫ്റ്റ് വെയര്‍ വഴി പരീക്ഷയെഴുതുന്ന വ്യക്തിയുടെ ഫോട്ടോ വെബ്കാമറയിലൂടെ എടുക്കുകയും ഫോട്ടോ ഐഡി, മേശ, മുറി എന്നിവ പരിശോധിക്കുകയും ചെയ്യും. പരീക്ഷയുടെ മേല്‍നോട്ട ചുമതലയുള്ള അധ്യാപകന് ഈ ഡാറ്റ അയച്ചു നല്‍കി പരിശോധിക്കും. ഡെസ്ക്ടോപ്, ലാപ്ടോപ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയില്‍ ഏതുപയോഗിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നും പരീക്ഷയെഴുതാവുന്ന സൗകര്യമാണ് ഇന്‍റലിജന്‍സ് മേല്‍നോട്ട സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്നതെന്ന് ഐഐഐടിഎം-കെ വൃത്തങ്ങള്‍ പറഞ്ഞു.
നിലവിലുള്ള ബാച്ചുകളിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും 2019-20 ബാച്ചിലെ ഇന്‍റേണല്‍ ഇവാല്യുവേഷന്‍, വൈവവോസി, എന്നിവ ഐഐഐടിഎം-കെ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐഐഐടിഎം-കെയില്‍ ബ്ലോക്ക് ചെയിന്‍ അക്കാദമി, സിസ്കോ തിങ്ക്യുബേറ്റര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. നാസ്കോം ഫൗണ്ടേഷനുമായി ചേര്‍ന്ന് മികച്ച ആശയങ്ങളെ മാതൃകയാക്കി മാറ്റാനുള്ള സംവിധാനവും ഐഐഐടിഎം-കെയിലുണ്ട്. സംസ്ഥാനത്തെ ഏക ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജും ഐഐഐടിഎം-കെയുടെ കീഴിലുള്ള സ്ഥാപനമാണ്.

Leave a Reply

Your email address will not be published. Required fields are marked *