കൽപ്പറ്റ : പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡിസൈനുകൾക്ക് ഊന്നൽ നൽകി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് ദക്ഷിണ മേഖല സമ്മേളനത്തിന് വൈത്തിരിയിൽ തുടക്കം. കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി 700ഓളം ആർക്കിടെക്ടുകളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈത്തിരി വില്ലേജ് റിസോർട്ടിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. വയനാടിൻ്റെ പുതുനിർമിതിക്കായി ഐഐഎ ഉൾപ്പെടെ നൽകുന്ന സേവനങ്ങൾ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ “നിർമ്മാണങ്ങൾ പരുവപ്പെടുത്തുക – പരിമിതപ്പെടുത്തുക” എന്നതാണ് സമ്മേളനത്തിൻ്റെ പ്രമേയം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് കേരള ചാപ്റ്റർ, കണ്ണൂർ സെൻ്ററുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മികച്ച ആർക്കിടെക്ടുമാർ, പ്ലാനിംഗ് വിദഗ്ധർ, നായ രൂപകർത്താക്കൾ തുടങ്ങിയ വാസ്‌തു കലയിലെ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സാമൂഹ്യമായ ഉത്തരവാദിത്തം നിറവേറ്റുന്ന രീതിയിൽ ഉള്ള ഡിസൈൻ വെല്ലുവിളികൾ സമ്മേളനം ചർച്ച ചെയ്യുന്നു. ഭാവിയെ രൂപകൽപ്പന ചെയ്യുന്നതിൽ വാസ്തു കലാകാരൻ്റെ പങ്ക് എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. സൗമിനി രാജ നയിച്ച ചർച്ചയിൽ കൽപ്പന രമേശ്, ഹർഷ് വർധൻ, തിസാര തനപതി, പ്രതിക് ധന്മർ എന്നിവർ സംസാരിച്ചു. പ്രിറ്റ്സ്കർ പുരസ്കാര ജേതാവ് അലെഹാൻഡോ അരവേനയുടെ പ്രഭാഷണത്തോടെ ആദ്യദിനത്തിലെ പരിപാടികൾ അവസാനിച്ചു. ഉദ്ഘാടന ചടങ്ങിൽ ഐഐഎ കേരള ചാപ്റ്റർ പ്രസിഡൻ്റ് വിനോദ് സിറിയക് അധ്യക്ഷനായിരുന്നു. പ്രിറ്റ്സ്‌കർ പുരസ്കാര ജേതാവ് അലെഹാൻഡൊ അരവേന, നൂതനവും സുസ്ഥിരവുമായ ഡിസൈനുകൾക്ക് പേരുകേട്ട അനുപമ കുണ്ടു, പ്രശസ്‌ത മലയാളി ആർക്കിട്‌ക്റ്റ് വിനു ഡാനിയൽ, പ്രമുഖ ആർക്കിടെക്റ്റുമാരായ സജയ് ഭൂഷൺ, കൽപ്പന രമേഷ്, ഡാമിർ യൂസ നോവ്, തിസാര തനപതി, പ്രതിക് ധൻമർ, സാമീർ ബസ്‌റയ്, ദീപക് ഗുകാരി, ഹർഷ് വർധൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.