‘എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടന്‍ തന്നെ’

‘എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടന്‍ തന്നെ’

കൊച്ചി : കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി രാവണനോട് ഉപമിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകള്‍ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അറിയാമെന്ന് താരാ ടോജോ അലക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും വീണ്ടും നിലപാട് വ്യക്തമാക്കിയാണ് താരാ ടോജോ അലക്‌സ് രംഗത്തുവന്നത്.

‘അടിസ്ഥാനപരമായ സ്വഭാവദോഷം കൊണ്ടാണ് മറ്റു പല ഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും രാവണന്‍ വീണു പോയത്.അടക്കി ഭരിച്ച ലങ്കയും നേടിയ ക്ഷണിക സിംഹാസനങ്ങളും നഷ്ടമായത് ഒരു സീതയോട് തോന്നിയ അതിരുവിട്ട അഭിനിവേശം കൊണ്ടല്ലല്ലോ. ഉപകഥകളിലൊക്കെ രാവണന്റെ ലമ്പടത്തം കൊണ്ട് കരഞ്ഞ സ്ത്രീകളുടെ തേങ്ങലുണ്ടായിരുന്നല്ലോ?അതൊക്കെ തന്റെ രാജസ ഗുണമെന്ന് അഹങ്കരിച്ച് ആരേയും ഗൗനിക്കാതിരുന്ന രാവണന് പിഴച്ചത് എവിടെയാണന്ന് അരിയും ഗോതമ്പും കഴിക്കുന്ന മനുഷ്യരായി പിറന്നവര്‍ക്ക് മനസ്സിലാകും. നായകനായി സ്വയമവരോധിച്ച് നിഴലായി മറ്റ് വില്ലന്‍മാരെ വച്ച് പുതിയ ഇക്കിളി ഉണര്‍ത്തുന്ന അനേകായിരം കുഞ്ഞിരാമായണകഥകള്‍ എഴുതിയാലും പാടി നടന്നാലും,മൂലകഥ വെളിപ്പെട്ടു വന്ന് നാട്ടുകാര്‍ അറിഞ്ഞതിലും ജാഗരൂകരായതിലും സന്തോഷം മാത്രം.താരാ ടോജോ അലക്‌സ് കുറിച്ചു.

‘അത്തരം കടന്നുകയറ്റങ്ങള്‍ അവനവന്റെ അമ്മ പെങ്ങന്‍മാരിലോ ഭാര്യയിലോ പെണ്‍മക്കളിലോ എത്തിച്ചേര്‍ന്നാലും അതിനും വരാന്തയില്‍ നിന്ന് ചൂട്ടുപിടിച്ച് വീശികൊടുക്കാനും,സിന്ദാബാദ് വിളിക്കാനും നില്‍ക്കുന്ന,മജ്ജയും മാംസവും ജീവനുണ്ടെന്ന് പറയപ്പെടുന്ന പുരുഷ മാംസപിണ്ഡങ്ങളെ ഓര്‍ത്ത് സഹതാപം മാത്രം. ഉറപ്പുള്ള നട്ടെല്ലും,ആത്മാഭിമാനബോധവുമുള്ള സ്ത്രീകള്‍ അവര്‍ നേരിട്ട കടന്നുകയറ്റങ്ങളെ കുറിച്ച് പറയാന്‍ ധൈര്യമായി മുന്നോട്ടു വരുമ്പോള്‍ സ്വന്തം ലിംഗത്തില്‍ പെട്ട അവര്‍ക്കുവേണ്ടി ഒരു വാക്കെങ്കിലും നെഞ്ച് നിവര്‍ത്തി നിന്നു പറയാതെ.അവരെ മനുഷ്യരെന്നും പോലും പരിഗണിക്കാതെ അവര്‍ക്കെതിരെ നിന്ന്,അവര്‍ക്കുവേണ്ടി സംസാരിച്ചവരെ വ്യക്തിഹത്യ ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന,കുറ്റാരോപിന്റെ വിസര്‍ജ്യം പോലും അമൃതായി കരുതുന്ന pseudo സ്ത്രീപക്ഷ നാരി വിപ്ലവ ഗണങ്ങളെ ഓര്‍ത്ത് പുച്ഛം മാത്രം. പുറത്താക്കപ്പെട്ടവന്റെ വെട്ടുകിളികളുടെയും ഫാന്‍സ് അസോസിയേഷന്‍കാരുടെയും മൂന്നാംകിട ആക്രമണങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ (ആത്മഗതം:പോയി തരത്തില്‍ കളിക്കെടാ) തള്ളികളയുന്നു.താരാ ടോജോ അലക്‌സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *