ഇരുളം ഓർക്കടവിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു;വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇരുളം ഓർക്കടവിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു;വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇരുളം : കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്.ഇന്നലെ
രാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.വീടിന് സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന രണ്ടു മണിയോടെ തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു.ഈ സമയത്ത് സുരേന്ദ്രൻ്റ മകൻ ശ്യാം,ഭാര്യ സൗമ്യ,മകൾ ഋതുപർണിക എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്.ഇവർ കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് ആന തെങ്ങ് മറിച്ചിട്ടത്.തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു.വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും ഏറെ വൈകിയാണ് വനപാലകർ സ്ഥലത്തെത്തിയത്.മറ്റ് നടപടികളൊന്നും സ്വീകരിക്കാനും തയ്യാറായില്ല.വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്പലപ്പോഴും എന്തെങ്കിലും സംഭവങ്ങളുണ്ടായാലും വനപാലകർ യഥാസമയം ഇവിടേക്ക് എത്താറില്ലെന്നും പരാതിയുണ്ട്.ഇതിന് മുമ്പ് ശ്യാമിൻ്റെ ബൈക്ക് കാട്ടാന തകർത്തിരുന്നു.

റീ ബിൽഡ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണ് ഓർക്കടവ്.ഇതിനകം നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിയെങ്കിലും,പദ്ധതി ഇപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.അവശേഷിക്കുന്ന കുടുംബങ്ങൾ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയാണ് ഇവിടെ കഴിയുന്നത്.കാട്ടാനശല്യം നിരന്തരമുണ്ടാകുന്ന ഈ മേഖലയിൽ പലപ്പോഴും ഭാഗ്യം കൊണ്ട് പലരും രക്ഷപ്പെടുന്നത്. സന്ധ്യയായാൽ പുറത്തിറങ്ങാൻ പോലും ആളുകൾക്ക് ഭയമാണ്.സുരേന്ദ്രൻ്റ വീടിൻ്റെ മുറ്റത്ത് മിക്ക ദിവസവും കാട്ടാനകൾ എത്താറുണ്ട്.അടിയന്തരമായി കാട്ടാന തകർത്ത വീട് നന്നാക്കാൻ വനം വകുപ്പ്നടപടി സ്വീകരിക്കണമെന്നതാണ് സുരേന്ദ്രൻ്റ ആവശ്യം.സാങ്കേതികത്വത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടേയും പേര് പറഞ്ഞ് വൈകിപ്പിക്കുന്ന പുനരധിവാസ പദ്ധതി വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് വരെ കാക്കാതെ വേഗത്തിലാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *