‘ആയിരം പോരാ മൂവായിരമെങ്കിലും വർധിപ്പിക്കണം’;സമരം തുടരുമെന്ന് ആശാവർക്കർമാർ

‘ആയിരം പോരാ മൂവായിരമെങ്കിലും വർധിപ്പിക്കണം’;സമരം തുടരുമെന്ന് ആശാവർക്കർമാർ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ പ്രവർത്തകരുടെ ഓണറേറിയം 1000 രൂപ മാത്രം വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ആശാ പ്രവർത്തകർ.മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം സ്വാഗതം ചെയ്യുമ്പോഴും,വർധനവ് തൃപ്തികരമല്ലെന്നും കുറഞ്ഞത് 3000 രൂപ എങ്കിലും വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.263 ദിവസമായി തലസ്ഥാനത്ത് സമരം ചെയ്യുന്ന ആശാ പ്രവർത്തകർ,പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി.

വർദ്ധനവ് കേവലം ₹33 പ്രതിദിനം:സർക്കാർ പ്രഖ്യാപിച്ച ₹1000 വർധനവ് തങ്ങളുടെ സമരത്തിൻ്റെ വിജയമായി കണക്കാക്കുന്നുണ്ടെങ്കിലും,പ്രതിദിനം വെറും ₹33 മാത്രമാണ് വർദ്ധിക്കുന്നതെന്ന് ആശാ പ്രവർത്തകർ ചൂണ്ടിക്കാട്ടി.”സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ ₹1000 വർധനവ്,” എന്നാണ് സമരപ്പന്തലിൽ നിന്നുള്ള ആശാ പ്രവർത്തകരുടെ പ്രതികരണം.നിലവിൽ ലഭിക്കുന്ന തുച്‌ഛമായ തുകയ്ക്ക് പുറമെ 33 വർദ്ധിപ്പിച്ചാൽ ഒരു കുടുംബത്തിന് ജീവിക്കാൻ സാധിക്കില്ലെന്നും,ഈ വർധനവ് തങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും അവർ പറയുന്നു.

ആശാ പ്രവർത്തകരുടെ പ്രധാന ഡിമാൻഡ് ഓണറേറിയം ₹21,000 ആയി വർദ്ധിപ്പിക്കണം എന്നതായിരുന്നു.എന്നാൽ,പലവട്ടം ചർച്ചകൾ നടന്ന സാഹചര്യത്തിൽ,പ്രതിദിനം ₹100 എങ്കിലും വർദ്ധിപ്പിച്ച് പ്രതിമാസം ₹3000 എന്ന നിലയിലെങ്കിലും വർധനവ് നടപ്പാക്കണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വെക്കുന്നത്.ഓണറേറിയം കൂട്ടേണ്ടത് സംസ്‌ഥാനമാണെന്ന് തെളിഞ്ഞു.ആ നിലയ്ക്ക് ഇത് സമരത്തിന്റെ വിജയമാണെന്ന് തെളിഞ്ഞന്ന് ആശാ പ്രവർത്തകർ പറഞ്ഞു.

സർക്കാരിന്റെ നിലവിലെ തീരുമാനത്തിൽ തൃപ്തരല്ലാത്ത ആശാ പ്രവർത്തകർ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.എന്നാൽ സമരത്തിന്റെ രൂപം എന്തായിരിക്കണം എന്നതിനെക്കുറിച്ച് നാളത്തെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി സമരം ശക്തമാക്കിയിരുന്നു.₹1000 വർധനവ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ‘കണ്ണിപ്പൊടി ഇടൽ’ മാത്രമാണോ എന്ന സംശയവും ആശാ പ്രവർത്തകർ പങ്കുവെക്കുന്നു.സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും,ഇതിനപ്പുറം വർധനവ് ഇപ്പോൾ പ്രായോഗികമല്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.മാത്രമല്ല,ആശാ പ്രവർത്തകരുടെ ഓണറേറിയം വിഷയത്തിൽ കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും,ആ ഉത്തരവാദിത്തം നിറവേറ്റാതെ സംസ്ഥാന സർക്കാരിനെ മാത്രം സമ്മർദ്ദത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.മുഖ്യമന്ത്രി ഇവരുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാത്തതിലും ആശാ പ്രവർത്തകർക്ക് പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *