കൽപ്പറ്റ : പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങളുമായി പ്രിയങ്കാ ഗാന്ധി എം.പി. കൂടിക്കാഴ്ച നടത്തി.പ്രിയങ്ക താമസിക്കുന്ന ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.ജോസിന്റെ ഭാര്യ,മകൻ,മകൾ എന്നിവരാണ് പ്രിയങ്കയെ സന്ദർശിച്ചത്.വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാനില്ലെന്നും ജോസിന്റെ കുടുംബം വ്യക്തമാക്കി.മണ്ഡല പര്യടനത്തിനായി വയനാട്ടിലുണ്ടായിരുന്നിട്ടും പ്രിയങ്ക ഗാന്ധി ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതിരുന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിനിടയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇതിനിടെയാണ് കുടുംബം നേരിട്ട് ഹോട്ടലിലെത്തി പ്രിയങ്കയെ കണ്ടത്.ജോസിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പാർട്ടിയിലെ പ്രാദേശിക ഗ്രൂപ്പ് പ്രശ്നങ്ങളും കുടുംബം പ്രിയങ്കയെ ധരിപ്പിച്ചതായാണ് സൂചന.സെപ്റ്റംബർ 12-നാണ് ജോസ് നെല്ലേടത്തെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മറ്റൊരു പ്രാദേശിക നേതാവായ തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ജോസ് ആരോപണവിധേയനായിരുന്നു.ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ.