കാവുംമന്ദം : സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യത്തിനുമായി പ്രവർത്തിച്ചുവരുന്ന സംയോജിത ശിശു വികസന സേവന പദ്ധതിയുടെയും അങ്കണവാടികളുടെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കെയർ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി ഐസിഡിഎസ് സൂപ്പർവൈസർ രചിത്ര പദ്ധതി വിശദീകരണം നടത്തി. ഇതിലൂടെ കുട്ടികളുടെ അനൗപചാരിക വിദ്യാഭ്യാസത്തോടൊപ്പം അവരുടെ ശാരീരിക മാനസിക വളർച്ച, പോഷകാഹാര വിതരണം, കൗമാര കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഉള്ള വിവിധ പദ്ധതികൾ, സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ തുടങ്ങിയ സേവനങ്ങൾ കാര്യക്ഷമമാക്കും. അങ്കണവാടിയുടെ വികസന പ്രവർത്തനങ്ങളിൽ ജീവനക്കാർക്കൊപ്പം വാർഡ് മെമ്പർമാർ ചെയർമാൻ ആയിട്ടുള്ള അങ്കണവാടി ലെവൽ മോണിറ്ററിങ് & സപ്പോർട്ടെഡ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ഇതിലൂടെ സജീവമാക്കും. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ഓരോ വികാസമേഖലക്കും അനുസരിച്ചുള്ള പ്രീ സ്കൂൾ തീമുകളുടെ എക്സിബിഷനും സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, അങ്കണവാടി ലെവൽ മോണിറ്ററിങ് & സപ്പോർട്ടെഡ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ് തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ നന്ദിയും പറഞ്ഞു.
