• Anjana P

  • September 2 , 2022

കൽപ്പറ്റ : പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി കൽപ്പറ്റയിലെ പിണങ്ങോട് ആരംഭിക്കുന്ന സഹാറാ ഭാരത് ഫൗണ്ടേഷൻ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശാരീരികവും മാനസികവുമായ ഭിന്നശേഷികളുള്ള 100 കോടി മനുഷ്യരാണ് ഈ ഭൂമിയിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം ഏഴര ലക്ഷത്തിലധികം ആളുകൾ ഭിന്നശേഷിക്കാരായവരുണ്ട്. സംസ്ഥാനത്തെ ഒരു പഞ്ചായത്തിൽ 400 ൽപരം ഭിന്നശേഷിക്കാരും മാനസികാരോഗ്യ പ്രശ്നങ്ങളുള്ള മുന്നൂറിലധികം ആളുകളും 30 ഓളം ഡയാലിസിസ് രോഗികളും പാലിയേറ്റീവ് സേവനങ്ങൾ ആവശ്യമുള്ള 200 ഓളം പേരും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. നേരത്തെ ഇടപെട്ടും ആവശ്യമായ പുനരധിവാസ പ്രക്രിയകളിലൂടെയും മാത്രമേ ഇവരെ നമുക്ക് പരിചരിക്കാനാവൂ. ഈയൊരു ദീർഘവീക്ഷണത്തോടെയാണ് ഡബ്ല്യൂ.എം.ഒ. യും തണലും സംയുക്തമായി സഹാറ ഭാരത് ഫൗണ്ടേഷൻ എന്ന ഒരു ബൃഹത് പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. സമൂഹത്തിൻറെ ശ്രദ്ധയും കരുതലും ഏറെ ആവശ്യമായ ഭിന്നശേഷിക്കാർ, മാനസികമായി താളം തെറ്റിയവർ, നിത്യരോഗികൾ, കിഡ്നി രോഗികൾ, സ്വന്തമായി വിടോ കുടുംബമോ ഇല്ലാത്ത അഗതികൾ, അനാഥർ, യുവത്വത്തിൽ തന്നെ അപകടങ്ങളിൽ പെട്ടും മറ്റും കിടപ്പിലായവർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കുമുള്ള ആശ്വാസം എന്ന മഹത്തായ സ്വപ്നമാണ് സഹാറ ഭാരത് ഫൗണ്ടേഷൻ. സമഗ്രവുമായ ചികിത്സ ഇത്തരം വിഭാഗങ്ങൾക്ക് ശാസ്ത്രീയവും പുനരധിവാസ സംവിധാനങ്ങളുമാണ് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തിൽ പതിനാലേക്കർ സ്ഥലത്തായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഭിന്നശേഷി, ആതുരസേവന രംഗത്തേക്ക് സമർപ്പണബോധമുള്ള പ്രഗൽഭരായ പ്രഫഷനലുകളെ വാർത്തെടുക്കാനും ഈ മേഖലയിൽ ആവശ്യമായ പഠനഗവേഷണങ്ങൾ നടത്താനും ഈ പദ്ധതിയിലൂടെ ആഗ്രഹിക്കുന്നു. കാലഘട്ടത്തിന്റെ അനിവാര്യതയായ ഈ സംരംഭത്തിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വെങ്ങപ്പള്ളി സഹാറാ വില്ലേജിൽ നടക്കുകയാണ്. മൂന്ന് ലക്ഷം ചതുരശ്ര അടിയിൽ 11 ബ്ലോക്കുകളിലായാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പുനരധിവാസ-പഠന പദ്ധതികളിലൊന്നായ സഹാറ വില്ലേജ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 90 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി സ്പോൺസർഷിപ്പിലൂടെയും ബാക്കി ജനകീയ സമാഹാരണത്തിലൂടെയും കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. പ്രഖ്യാപന സംഗമം ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എം. എ. മുഹമ്മദ് ജമാൽ അധ്യക്ഷത വഹിക്കും. വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ചടങ്ങിൽ വെച്ച് നടക്കും. പ്രതീക്ഷ ഫൗണ്ടേഷൻ ഏർലി ഇൻ്റർവെൻഷൻ ബ്ലോക്കിന്റെ പ്രഖ്യാപനം ആർ.എഫ്. എക്സ്പോർട്ട് ചെയർമാൻ ഫാറൂഖ് മൂസയും ഫാത്തിമ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന്റെ പ്രഖ്യാപനം മുത്തലിബും നിർവഹിക്കും. പിട്കോ ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഡയാലിസിസ് ബ്ലോക്കിന്റെ പ്രഖ്യാപനം പിട്കോ ഗ്രൂപ്പ് ചെയർമാൻ ഹംസക്കുട്ടിയും, സി. കെ അബൂബക്കർ വൊക്കേഷണൽ ബ്ലോക്കിന്റെ പ്രഖ്യാപനം ഷമീമും നടത്തും. അൽ കറാമയാണ് ഫീമെയ്ൽ ഡെസ്റ്റിറ്റ്യൂട്ട് ഹോം പ്രഖ്യാപനം നടത്തുന്നത്. അൽ കറാമ ചെയർമാൻ നാസറും സൈക്യാട്രി ബ്ലോക്കിന്റെ പ്രഖ്യാപനം നടത്തുന്നത് പി. സി അഹമ്മദ് ഹാജിയും ആയിരിക്കും. മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ ചെയർമാൻ സി.കെ സുബൈറും എം.ഡി സി.കെ നൗഷാദും ചേർന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് പാലിയേറ്റീവ് കെയർ ബ്ലോക്കിന്റെ പ്രഖ്യാപനം നിർവഹിക്കും. അൽ മദീന പാരാപ്ലീജിയ ബ്ലോക്ക് ഗ്രൂപ്പ് ഡയറക്ടർ ഷരീഫും പടയൻ അഹമ്മദ് മെമ്മോറിയൽ മെയിൽ ഡെസ്റ്റിറ്റ്യൂട്ട് ബ്ലോക്ക് സുഹൈൽ അഹമ്മദ് പടയനും പ്രഖ്യാപിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ രേണുക എന്നിവർ വിശിഷ്ടാഥിതികൾ ആയിരിക്കും. വാർഡ് മെമ്പർ ഒ. അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. സി. പ്രസാദ് എന്നിവർ ആശംസ അർപ്പിക്കും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. എം. എ. മുഹമ്മദ് ജമാൽ (ചെയർമാൻ, സഹാറ ഭാരത് ഫൗണ്ടേഷൻ) ഡോ. വി.ഇദ്രീസ് (ജനറൽ സെക്രട്ടറി, സഹാറ ഭാരത് ഫൗണ്ടേഷൻ) വി.കെ. രാജൻ (ജോ. സെക്രട്ടറി, സഹാറ ഭാരത് ഫൗണ്ടേഷൻ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു