• Anekh Krishna

  • September 18 , 2023

കൽപ്പറ്റ :

വയനാട് ജില്ലയോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേര കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കേരളത്തിൻ്റെ വികസന ഭൂപടത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ജില്ലയാണ് വയനാട്. കേന്ദ്ര - കേരള സർക്കാറുകളുടെ നിരന്തരമായ വിവേചനസമീപനം കാരണം പൊതുവെ വികസന വിവേചനം നേരിടുന്ന മറ്റു മലബാർ ജില്ലകളിൽ നിന്നും ഏറെ പിറകിലാണ് വയനാടിൻ്റെ സ്ഥാനമുള്ളത്. കേരളത്തിൽ ദലിത് - ആദിവാസി - ഇതര പിന്നാക്ക വിഭാഗങ്ങളുടെ ഗണ്യമായ സാന്നിധ്യമുള്ള ജില്ലയാണ് വയനാട്. കാർഷിക മേഖലയിലും ടൂറിസം മേഖലയിലും വയനാടിന് അതിൻ്റേതായ സവിശേഷതകൾ ഉണ്ട്. വനസമ്പത്ത് കൊണ്ടും പ്രകൃതി വിഭവങ്ങളാലും കേരളത്തിൻ്റെ അഭിമാനമായി മാറേണ്ട ജില്ല കൂടിയാണ് വയനാട് ജില്ല. എന്നാൽ മാറി ഭരിച്ച കേരള സർക്കാറുകളും കേന്ദ്ര സർക്കാറും വയനാട് ജില്ല നിവാസികളോട് കടുത്ത വിവേചനമാണ് പുലർത്തിപ്പോരുന്നത്. സാമൂഹിക ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഈ വിവേചനം കാണാൻ സാധിക്കും. വയനാട് ജില്ലയുടെ ആവശ്യകതയും വിവിധ സാധ്യതകളും മുൻ നിറുത്തി സമഗ്രമായ വികസിത വയനാട് പാക്കേജ് രൂപീകരിച്ച് നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാകണം.വയനാട്ടിലെ ആദിവാസി - ദലിത് - ഇതര പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ജനങ്ങളുടെ പ്രശ്ന‌ങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കണം. ഭൂരഹിതരില്ലാത്ത വയനാട് പ്രവർത്തികമാക്കണം. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ആവശ്യത്തിന് കൊടുക്കാനുള്ള ഭൂമി ഇവിടെ ഉണ്ടെന്ന് വെൽഫെയർ പാർട്ടി പലപ്പോഴും സമർഥിക്കുകയും അധികാരികളുടെ മുമ്പിൽ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃതമായി കയ്യേറ്റം ചെയ്‌ത മുഴുവൻ ഭൂമിയും ഒഴിപ്പിക്കണം. എന്നാൽ പട്ടയ ഭൂമിയിലെ അനധികൃത നിർമാണങ്ങളും കയ്യേറ്റങ്ങളും കൂടി ക്രമപ്പെടുത്താനുള്ള നിയമനിർമ്മാണമാണ് നിയമസഭ സമ്മേളനത്തിൽ സർക്കാർ നടത്തിയിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്നത് ശരിയല്ല. വയനാട്ടിലെ കർഷക ആത്മഹത്യകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കർഷകരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകണം.മാനന്തവാടി മക്കിമല ജീപ്പപകടത്തിൽ മരണപ്പെട്ട തോട്ടം തൊഴിലാളികൾക്ക്നഷ്ടപരിഹാരം നൽകാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. തവിഞ്ഞാൽ തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലുള്ള മരണപ്പെട്ടവരുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. മരിച്ച 9 സ്ത്രീകളും പരിക്കേറ്റ് ചികിത്സയിലുളളവരും നിർധന കുടുംബങ്ങളിലുള്ള തൊഴിലാളികളാണ്. തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ളു. ന്നതിനൊപ്പം മറ്റു പണികളുമെടുത്താണ് അവർ ഉപജീവനം നടത്തിയിരുന്നത്. അമ്മയും മകളും നഷ്ടമായ കോളനിയിലെ പത്മനാഭന് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു കുര മാത്രമാണുള്ളത്. നിലാവെളിച്ചം ഒഴിച്ചാൽ മറ്റു വെളിച്ചമൊന്നും രാത്രി ഇവിടെയില്ല. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പരിക്കേറ്റ് ആസ്പത്രിയുലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവു കളും സർക്കാർ ഏറ്റെടുക്കുകയും അവർക്ക് 5 ലക്ഷം വീതം സഹായധനം നൽകുകയും വേണം.കേരളത്തിന്റെ റെയിൽവേ ഭൂപടത്തിൽ വയനാട് ജില്ലയില്ല. വയനാട്ടിലൂടെ കടന്നു പോകുന്ന നിലമ്പൂർ - നഞ്ചൻഗോഡ് റെയിൽ പാതയ്ക്ക് വേണ്ടി കേരള സർക്കാരും കർണാടക സർക്കാരും സംയുക്തമായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. വയനാട് എം പി രാഹുൽ ഗാന്ധി ഈ വിഷയത്തിൽ പ്രത്യേക താല്പര്യമെടുക്കണം. കേരളത്തിൽ നിന്ന് ബെംഗളുരു, മൈസുരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള ദൂരം കുറയുന്നതുംകൂടുതൽ വാണിജ്യ - ടൂറിസം - വ്യവസായ സാധ്യതകൾ തുറന്നു കിട്ടുന്നതും ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ടായി മാറും. ആരോഗ്യ മേഖലയിൽ ജില്ലയുടെ സ്ഥിതി അതീവ ദയനീയമാണ്. സ്വന്തമായി മെഡിക്കൽ കോളേജില്ലാത്ത ജില്ലകളിൽ ഒന്നാണ് വായനാട്, മാനന്തവാടി ജില്ല ആശുപത്രിയുടെ ബോർഡ് വയനാട് മെഡിക്കൽ കോളേജ് എന്നാക്കിമാറ്റി എന്നതിൽ കവിഞ്ഞുള്ള മാറ്റമൊന്നും ഇതേ വരേയ്ക്കും നടന്നിട്ടില്ല. മതിയായ ചികിത്സ സൗകര്യങ്ങളോ സംവിധാനങ്ങളോ നിലവിലില്ല. അടിയന്തിര ആവശ്യങ്ങൾക്ക് ചുരം ഉറങ്ങേണ്ട ഗതികേട് ഇനിയും വയനാട്ടുകാരിൽ അടിച്ചേൽപ്പിക്കരുത്. കോളേജിൻ്റെ ഭാഗമായുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഭൂമിശാസ്ത്രപരമായി വയനാട്ടിലെ ഭൂരിപക്ഷം പേർക്കും എത്തിച്ചേരാൻ പ്രയാസകരമായ കണ്ണൂർ ജില്ല അതിർത്തിയിലാണ് പുതിയ മെഡിക്കൽ കോളേജിന്റെ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്ര നിരോധനം എടുത്തു കളയണം. 14 വർഷമായി തുടരുന്ന നിരോധനം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ശല്യം ഒഴിവാക്കാൻ വിദഗ്ധ പഠനം നടത്തി മനുഷ്യ ജീവനെ പരിഗണിച്ചു കൊണ്ടുള്ള സമീപനം സ്വീകരിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളണം. മനുഷ്യ മൃഗ സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടി കേരളം സമർപ്പിച്ച പദ്ധതി തിരിച്ചയച്ച കേന്ദ്ര നടപടി ശരിയല്ല. രാഷ്ട്രീയ വടംവലികൾക്കപ്പുറം ജീവനും നിലനിൽപിനും മുൻഗണന കൊടുത്തു കൊണ്ടുള്ള സമീപനം സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഭാരവാഹികളായ മിർസാദ് റഹ്‌മാൻ, പ്രേമ പിഷാരടി, വി. മുഹമ്മദ് ശരീഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.