കാവുംമന്ദം : നാട്ടിൽ പിടിമുറുക്കുന്ന ലഹരി വിപത്തിനെതിരെ വലിയ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. കാമ്പയിൻ്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയീൽ ചേർന്ന യോഗത്തിൽ തരിയോട് ഗ്രാമപഞ്ചായത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, മതസംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, കുടുംബശ്രീ, ക്ലബ്ബ് സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പരിപാടികളിലൂടെ ജനകീയ പങ്കാളിത്തത്തിൽ പോലീസ്, എക്സൈസ് അടക്കമുള്ള വകുപ്പുകളുടെ സഹകരണത്തോടെ ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവും തടയുന്നതിന് യോഗം ഐക്യകണ്ഠനെ തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷൻ വി ജി ഷിബു സ്വാഗതവും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആൻ്റണി നന്ദിയും പറഞ്ഞു.