കൽപ്പറ്റ : യു.ഡി.ഐ.ഡി കാര്‍ഡ് ഉറപ്പാക്കാന്‍ ജില്ലയില്‍ തന്മുദ്ര രജിസ്ട്രേഷന് ക്യാമ്പയിന് സംഘടിപ്പിക്കുന്നു. ജില്ലാ സാമൂഹികനീതി, ജില്ലാ വനിതാ ശിശു വികസന വകുപ്പുകള്‍ സംയുക്തമായാണ് ക്യാമ്പയിന് നടത്തുന്നത്. ക്യാമ്പയിനില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ മുഴുവന്‍ വ്യക്തികളും അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അങ്കണവാടികളിലെത്തി തന്മുദ്ര വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യതതായി ഉറപ്പാക്കണം. ജില്ലയില്‍ 13,000 ത്തിലധികം യു.ഡി.ഐ.ഡി അപേക്ഷകളാണുള്ളത്. നിലവില്‍ 9000 അപേക്ഷകരാണ് തന്മുദ്ര വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവരം അതത് അങ്കണവാടിയില്‍ അറിയിക്കണം. ജില്ലയിലെ 876 അങ്കണവാടികള്‍, 8 ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുകളുടെ സഹകരണത്തോടെയാണ് തന്മുദ്ര രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നത്. രജിസ്ട്രേഷന് ഭിന്നശേഷിക്കാരായ വ്യക്തികള്‍ നേരിട്ട് എത്തണമെന്നില്ല. ബന്ധപ്പെട്ട രേഖകളുമായി മറ്റൊരാള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടാമെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍:-04936 205307, 9387388887.