കൽപറ്റ : പരിമിതികൾ മറികടന്ന് ട്രാക്കിൽ മികവ് തെളിയിച്ച് ബഡ്സ് സ്കൂൾ കുട്ടികൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഥമ ജില്ലാതല കായിക മേള ‘ബഡ്സ് ഒളിമ്പിയ 2025’ൽ 81 പോയിന്റ് കരസ്ഥമാക്കി കൽപറ്റ ബഡ്സ് സ്കൂൾചാമ്പ്യൻമാരായി .62 പോയിന്റ് നേടി തിരുനെല്ലി ബഡ്സ് പാരഡൈസ് രണ്ടാം സ്ഥാനവും 52 പോയിന്റുമായി ചിമിഴ് ബഡ്സ് സ്കൂൾ നൂൽപ്പുഴ മൂന്നാം സ്ഥാനവും നേടി.കൽപറ്റ എം കെ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച കായിക മേള ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. വിഭിന്നശേഷി കുട്ടികളുടെ ആരോഗ്യവും കായികപരവുമായ കഴിവുകളും വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടാണ് കുടുംബശ്രീ സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും കായികമേള സംഘടിപ്പിക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ലോവർ എബിലിറ്റി, ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 50,100 മീറ്റർ ഓട്ടം, ലോങ്ങ് ജംപ്, 100 മീറ്റർ നടത്തം, സോഫ്റ്റ് ബോൾ ത്രോ, ഷോർട്പുട്, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, റിലേ, ബാസ്കറ്റ് ബോൾ ത്രോ, എന്നിവയായിരുന്നു മത്സര ഇനങ്ങൾ. പ്രത്യേകം രൂപകൽപ്പന ചെയ്ത കായിക ഇനങ്ങളിൽ ജില്ലയിലെ 11 ബഡ്സ് സ്കൂളുകളിൽ നിന്നായി 300ൽ അധികം കുട്ടികൾ വിവിധ ഇനങ്ങളിലായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ എ ഡി എം സിമാരായ ആമീൻ കെ കെ,സലീന കെ എം, ജില്ലാമിഷൻ പ്രോഗ്രാം മാനേജർ ബിജോയ് കെ ജെ, ബ്ലോക്ക് കോർഡിനേറ്റർ അനുശ്രീ വി കെ എന്നിവർ സംസാരിച്ചു. ജില്ലാതല മത്സര വിജയികൾ ഈ മാസം 27, 28 തിയതികളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിൽ മത്സരിക്കും.
