• Anjana P

  • September 16 , 2022

കൊല്ലം : കുന്നിക്കോട് ചെങ്കോട്ട ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇടിച്ച് രണ്ടുപേർ മരിച്ചു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ രണ്ടാം വാർഡ് അംഗവുമായ കുന്നിക്കോട് നദീറ മൻസിൽ (തണൽ) എം. റഹീംകുട്ടി (59), ആവണീശ്വരം കാവൽപുര പ്ലാമൂട് കീഴ്ച്ചിറ പുത്തൻ വീട് ഷാഹുൽ ഹമീദിന്റെ മകൾ സജീന (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.20 ഓടെയായിരുന്നു സംഭവം.ഇരുവരും രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കൊല്ലത്തേക്ക് പോകാൻ തീവണ്ടി കാത്ത് നിൽക്കുകയായിരുന്നു. ഈ സമയം റഹീം കുട്ടിയുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ ട്രാക്കിൽ വീണു ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് റഹീം കുട്ടിയെ രക്ഷപ്പെടുത്താനാണ് സജീന ശ്രമിച്ചത്. ആ സമയം രണ്ടാമത്തെ ട്രാക്കിലൂടെ ചെങ്കോട്ട കൊല്ലം സ്പെഷ്യൽ തീവണ്ടി വരുന്നുണ്ടായിരുന്നു. ഇതുകണ്ട സജീന, റഹീംകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. സജീനയുടെ കൈയിൽ പിടിച്ച് ട്രാക്കിൽനിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാൻ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുവരും തീവണ്ടിക്ക് മുന്നിൽപ്പെടുകയുമായിരുന്നു. തീവണ്ടിയിടിച്ച സജീന തൽക്ഷണം മരിച്ചു. റഹീംകുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കാലുകൾ അറ്റുപോയിരുന്നു. കൊട്ടാരക്കര സ്വകാര്യാശുപത്രിയിൽവെച്ചാണ് റഹീംകുട്ടി മരിച്ചത്.