• Anekh Krishna

  • August 22 , 2023

:

ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നാളെ വൈകീട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതല്‍ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തില്‍ ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിച്ചു.ചന്ദ്രനില്‍ നിന്നും വെറും 25 കിലോമീറ്റര്‍ അകലത്തില്‍ മാത്രമാണ് ലാല്‍ഡന്‍ ഇപ്പോള്‍ ഉള്ളത്.സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ചന്ദ്രയാന്‍ പേടകം വഹിച്ചുകൊണ്ടുള്ള റോവര്‍ ചന്ദ്രന്റെ ഉപരി തലത്തില്‍ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക. ലാന്‍ഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാന്‍ രണ്ടില്‍ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ലാന്‍ഡിങ് ഏരിയ മാത്രമാണ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തിയത്. ബെംഗളുരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തു വിട്ടിരുന്നു. ലാന്‍ഡറില്‍ നിന്ന് പകര്‍ത്തിയ ദൃശങ്ങളാണ് ഐഎസ്‌ആര്‍ഒ പങ്കുവച്ചത്. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.