തിരുവനന്തപുരം : ഓണക്കാല പാല്‍ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡിട്ട് മില്‍മ. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളില്‍ 94,59,576 ലിറ്റര്‍ പാക്കറ്റ് പാലാണ് വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12% വര്‍ധനവാണുള്ളത്. തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റര്‍ പാല്‍ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ തിരുവോണ ദിന വില്‍പ്പന 32,81,089 ലിറ്ററായിരുന്നു. 7.03 ശതമാനത്തിന്‍റെ വര്‍ധനവ്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ടും മില്‍മയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും കൊണ്ടാണ് പ്രതികൂല കാലാവസ്ഥയിലും മികച്ച വിപണനം സാധ്യമാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൈരിന്‍റെ വില്‍പ്പനയിലും നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. സെപ്റ്റംബര്‍ 4 മുതല്‍ക്കുള്ള നാലു ദിവസങ്ങളിലായി 11,30,545 കിലോ തൈരാണ് മില്‍മ വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18.26 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. തിരുവോണ ദിവസത്തെ മാത്രം തൈരിന്‍റെ വില്‍പ്പന 3,45,386 കിലോയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.52 ശതമാനത്തിന്‍റെ വര്‍ധന. 8 ലക്ഷത്തോളം പാലട പായസം മിക്സ് ഓണവിപണിയിലെത്തിക്കാനും മില്‍മയ്ക്ക് സാധിച്ചു. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വഴി കേരളത്തിലെ 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 50 മില്ലിലിറ്റര്‍ വീതം നെയ്യ് വിതരണം ചെയ്യാനും കണ്‍സ്യൂമര്‍ ഫെഡ് വഴി മില്‍മ ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലക്ഷം മില്‍മ കിറ്റ് വിതരണം ചെയ്യാനും സാധിച്ചു. ഇതോടൊപ്പം നെയ്യ്, വെണ്ണ, പനീര്‍, പേഡ, ഫ്ളേവേര്‍ഡ് മില്‍ക്ക്, ഐസ്ക്രീം, ലോങ് ലൈഫ് മില്‍ക്ക് തുടങ്ങിയ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പനയിലും ഗണ്യമായ വര്‍ധനവാണ് ഓണക്കാലത്ത് ഉണ്ടായത്. ആഭ്യന്തര പാല്‍ സംഭരണത്തില്‍ കുറവ് വന്നെങ്കിലും ഇത് പരിഹരിക്കുന്നതിന് തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പാല്‍ ഫെഡറേഷനുകളുമായി സഹകരിച്ച് ആവശ്യത്തിന് പാല്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ മില്‍മ ഒരുക്കിയിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി