കൽപ്പറ്റ : അണ്ടർ 20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കൽപ്പറ്റയിൽ തുടക്കമാവും. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചരിത്രത്തില്‍ ആദ്യമായാണ് 14 ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പ് വയനാട്ടില്‍ വച്ച് നടക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് മത്സരങ്ങൾ. വൈകുന്നേരം 4.30 നും 7 മണിക്കും ആയി ദിവസവും രണ്ട് മത്സരങ്ങളാണുണ്ടാവുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബർ 12 ന് 6 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. കേരളാ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കേരളാ ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് നവാസ് മീരാൻ, ടി സിദ്ധീഖ് എംഎൽഎ, എം വി ശ്രേയാംസ് കുമാർ, കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ ടി ജെ ഐസക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു , നഗരസഭാ കൗൺസിലർമാർ മുൻകാല ഫുട്ബോൾ താരങ്ങൾ തുടങ്ങിയവർ വിശിഷ്ടാഥിതികളായി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. 7 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ വയനാട് ജില്ലാ ടീം ആലപ്പുഴ ജില്ലാ ടീമുമായി ഏറ്റുമുട്ടും. സംസ്ഥാന ചാമ്പ്യൻഷിപ്പിൻ്റെ പ്രചരണാർത്ഥം കൽപ്പറ്റയിൽ വിളംബര റാലി നടത്തി. കാനറാ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ചുങ്കം ജംഗ്ഷനിൽ സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു , സംഘാടക സമിതി ചെയർമാൻ കെ റഫീഖ് , ജനറൽ കൺവീനർ ബിനു തോമസ്, സി കെ ശിവരാമൻ, റസാഖ് കൽപ്പറ്റ, പി കെ അനിൽ കുമാർ , രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.